കൊച്ചി: മത്സ്യവരൾച്ചയെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ബഡ്ജറ്റിൽ വരൾച്ച പാക്കേജോ നഷ്‌ടപരിഹാര നിർദ്ദേശമോ പ്രഖ്യാപിക്കാത്തതിൽ കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പ്രതിഷേധിച്ചു. വൻകിടക്കാരുടെയും നിക്ഷേപകരുടെയും താത്പര്യങ്ങൾക്കാണ് ബഡ്ജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിന് കേരളം സമർപ്പിച്ച നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ ധനമന്ത്രി തമിഴ്നാടിന് 800 കോടി അനുവദിച്ചു. അതേസമയം കൊച്ചി ഉൾപ്പെടെ അഞ്ച് ഫിഷറീസ് ഹാർബറുകളെയും ലാൻഡിംഗ് സെന്ററുകളെയും ആധുനികവത്കരിക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും ചാൾസ് ജോർജ് പറഞ്ഞു.