ss

കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ എറണാകുളം അഡി. സി.ജെ.എം കോടതി നാളെ വിധി പറയാൻ മാറ്റി. ഇന്നലെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് വിശദീകരണ പത്രിക നൽകി. യു.എ.ഇ കോൺസുലേറ്റിലെ മുൻ സാമ്പത്തിക വിഭാഗം മേധാവി ഖാലിദ് 1.90 കോടി ഡോളർ കെയ്റോവിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസാണിത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുന്ന കേസ് ഗൗരവമുള്ളതാണ്. വൻ സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കും. അന്വേഷണം പൂർത്തിയാക്കാൻ സമയം വേണം. വിദേശത്തുൾപ്പെടെ ബന്ധങ്ങളുള്ള കേസാണ്. ഇൗ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.