
കൊച്ചി : മെട്രോ റെയിലിന്റെ ഉദ്ഘാടനം രാഷ്ട്രീയവത്കരിച്ചെന്നാരോപിച്ച് യു.ഡി.എഫ് നേതാക്കൾ നടത്തിയ ജനകീയ മെട്രോ യാത്രാസമരവുമായി ബന്ധപ്പെട്ട കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എറണാകുളം അഡി. സി.ജെ.എം കോടതിയിൽ ഹാജരായി മൊഴി നൽകി. മെട്രോയിൽ അനധികൃതമായി യാത്ര നടത്തിയെന്ന് ആരോപിച്ച് കൊച്ചി മെട്രോ അധികൃതർ നൽകിയ പരാതിയിൽ ആലുവ പൊലീസാണ് കേസെടുത്തത്. 2017 ജൂൺ 20നാണ് യു.ഡി.എഫ് നേതാക്കൾ ആലുവയിൽ നിന്ന് കൊച്ചിയിലേക്ക് മെട്രോയിൽ പ്രതിഷേധ യാത്ര നടത്തിയത്. മെട്രോയിലെ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചും മുദ്രാവാക്യം മുഴക്കിയും യാത്ര ചെയ്തെന്ന് പരാതിയിൽ പറയുന്നു. ആര്യാടൻ മുഹമ്മദ്, അനൂപ് ജേക്കബ്, വി.ഡി.സതീശൻ, ബെന്നി ബഹ്‌നാൻ, ഹൈബി ഇൗഡൻ, ഷാഫി പറമ്പിൽ, വി.കെ. ഇബ്രാഹിം കുഞ്ഞ് തുടങ്ങി 27 പേർക്കെതിരെയാണ് കേസ്.