കൊച്ചി: കേരളത്തിന് ഗുണകരമായ യാതൊരു പദ്ധതിയും കേന്ദ്ര ബഡ്ജറ്റിൽ ഇല്ലെന്ന് ഹൈബി ഈഡൻ എം.പി കുറ്റപ്പെടുത്തി. കൊവിഡ് മഹാമാരി നാശംവിതച്ച ഈ കാലത്ത് സാധാരണക്കാരന്റെ ജീവിതം സുഖകരമാക്കുന്നതിനുള്ള യാതൊരു പ്രഖ്യാപനവും ബഡ്ജറ്റിലില്ല. ഇന്ധന വില വർദ്ധന തടയിടാൻ നീക്കമില്ല.കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 2019 ഫെബ്രുവരിയിൽ തത്വത്തിൽ അംഗീകാരമായ പദ്ധതി കഴിഞ്ഞ രണ്ട് വർഷം അനാവശ്യമായി ചുവപ്പ് നാടയിൽ കുരുക്കി തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് നീട്ടി കൊണ്ട് പോവുകയായിരുന്നു. ആലുവ മുതൽ നെടുമ്പാശേരി വിമാനത്താവളം വരെയുള്ള മുന്നാംഘട്ടം പ്രഖ്യാപിക്കേണ്ട സമയത്ത് നിലവിൽ നടപടി ക്രമങ്ങൾ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ഘട്ടം വീണ്ടും പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടായി മാത്രമേ കാണാൻ കഴിയൂ.
കൊച്ചി മത്സ്യ ബന്ധന ഹാർബർ വാണിജ്യ കേന്ദ്രമായി ഉയർത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഇത് സംബന്ധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ് സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കൊച്ചിൻ ഷിപ്പയാർഡ് അടക്കമുള്ള പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. ഈ സ്ഥാപനം യാഥാർത്ഥ്യമാക്കുന്നതിന് ജനങ്ങൾ ഒട്ടനവധി ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. നിലവിൽ 25 % ഓഹരി വിറ്റിട്ടുണ്ട്. കൂടുതൽ സ്വകാര്യ കുത്തകകളെ ഷിപ്പയാർഡ് പോലുള്ള സ്ഥാപനങ്ങളിൽ പങ്കാളിയാക്കുന്നത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കാനിടയാകും. ഏറെ തന്ത്രപ്രധാനമായ ഒട്ടനവധി പ്രവർത്തനങ്ങൾ നടക്കുന്ന കൊച്ചി തുറമുഖത്തെ സ്വകാര്യ വത്ക്കരിക്കാനുള്ള നീക്കം ശക്തമായി എതിർക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു .