police-station
കഴിഞ്ഞ 31ന് 'റൂറൽ കൺട്രോൾ റൂം വളപ്പിൽ ആക്രികൂട്ടം' എന്ന തലക്കെട്ടിൽ 'കേരളകൗമുദി'യിൽ വന്ന വാർത്ത

ആലുവ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന റൂറൽ കമാൻഡ് ആൻഡ് കൺട്രോൾ റൂം വളപ്പിൽ നിന്നും ആക്രികളുടെ കൂമ്പാരം നീക്കി. ഇന്നലെ രാവിലെ മുതൽ രണ്ട് ജെ.സി.ബിയും ലോറിയും ഉപോയഗിച്ചാണ് വർഷങ്ങളായി തൊണ്ടിമുതലായി കിടന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തതത്.

കഴിഞ്ഞ 31ന് 'റൂറൽ കൺട്രോൾ റൂം വളപ്പിൽ ആക്രികൂട്ടം' എന്ന തലക്കെട്ടിൽ 'കേരളകൗമുദി'യിൽ വന്ന വാർത്തയെ തുടർന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നിർദ്ദേശപ്രകാരമാണ് ഓഫീസിന്റെ ശോഭകെടുത്തുന്ന മാലിന്യം കൺട്രോൾ റൂം എസ്.ഐ മുഹമ്മദ് കബീറിന്റെ നേതൃത്വത്തി​ൽ കളമശേരി​ എ.ആർ.ക്യാമ്പ് വളപ്പി​ലേക്ക് മാറ്റി​യത്. പാഴ്മരങ്ങളും ആലുവ ഫയർഫോഴ്സ് സംഘത്തിന്റെ സഹായത്തോടെ മുറിച്ചുനീക്കി. പരിസരങ്ങളും മനോഹരമാക്കി.

എസ്.പി ഓഫീസിന് സമീപം നേതാജി റോഡിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിലാണ് റൂറൽ കമാൻഡ് ആൻഡ് കൺട്രോൾ റൂം തുറക്കുന്നത്.

ഇന്ന് വൈകുന്നേരം ആറ് മണിക്ക് ആലുവ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തോടനുബന്ധിച്ച് തന്നെയാണ് കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി ഓൺ​ലൈനായി​ നിർവഹിക്കുക.

തുടർന്ന് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ നാടമുറിക്കൽ നടക്കും. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എസ്.പി കെ. കാർത്തിക് എന്നിവരും പങ്കെടുക്കും.