paniyeliporu

കൊച്ചി: 'ഈ നദിയിൽ ഇതുവരെ പൊലിഞ്ഞത് നിരവധി വിലപ്പെട്ട ജീവിതങ്ങളാണ്....അടുത്തത് നിങ്ങളാകാതിരിക്കട്ടെ', വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരം മുന്നറിയിപ്പ് കണ്ടാലും അവഗണിച്ച് പോകുന്നവരോട് ഒരുകാര്യം തീർത്തുപറയാം, 'പാണിയേലിപ്പോരിൽ അതുവേണ്ടാ...ട്ടോ'.

പാറക്കെട്ടുകളിൽ ചിന്നിച്ചിതറി ആർത്തലച്ചൊഴുകുന്ന പ‌‌ർവതനിരയുടെ പനിനീരും മലയാറ്റൂർ വനമേഖലയുടെ വന്യതയും സംഗമിക്കുന്ന പ്രകൃതിയുടെ വരദാനമാണ് പെരുമ്പാവൂരിനടുത്ത് പെരിയാറിലെ പാണിയേലിപ്പോര്. ദിവസവും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന എറണാകുളം ജില്ലയിലെ പ്രമുഖ ഇക്കോടൂറിസം കേന്ദ്രവുമാണിത്.

വേനൽക്കാലം ആരംഭിച്ചതോടെ നദിയിൽ ഒഴുക്കുകുറഞ്ഞ ഭാഗത്ത് ദൃശ്യമാകുന്ന ചുഴികൾ ആരെയും അമ്പരിപ്പിക്കുന്നതാണ്. ഒഴുക്കുള്ളപ്പോൾ തിരിച്ചറിയാൻ സാധിക്കാത്ത നിരവധി ചുഴികൾ തന്റെ വിരിമാറിലുണ്ടെന്ന് പെരിയാർ സ്വയം കാട്ടിത്തരികയാണിവിടെ. ഉറച്ച പാറക്കല്ലിലും ആഴത്തിൽ വായപിളർന്നിരിക്കുന്ന നിരവധി രാക്ഷസചുഴികൾ. അതിന്റെയൊക്കെ ആഴവും ആഘാതവും എത്രയാണെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. മുമ്പ് ആഴം അളന്നവരാരും ജീവിച്ചിരിപ്പില്ല. നന്നായി നീന്താൻ അറിയുന്നവരും നദികളിലെ ഒഴുക്കിൽപ്പെട്ടാൽ മരണപ്പെടുന്നതിന് പിന്നിലെ കാരണവും മറ്റൊന്നായിരിക്കില്ല. ഇത്തരം ചുഴികളിൽ അകപ്പെട്ടാൽ തിരിച്ചുവരവ് അസാദ്ധ്യമാകുമെന്ന് പരിസരവാസികൾ പറഞ്ഞു.

നാലുവർഷം മുമ്പ് പരിസരവാസിയായ ഒരു റിസോർട്ട് ഉടമയുൾപ്പെടെ നാലുപേർ മുങ്ങിമരിച്ചതാണ് പാണിയേലിപ്പോരിലുണ്ടായ അവസാന ദുരന്തം. അതിന് മുമ്പ് കർശന നിയന്ത്രണങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തുൾപ്പെടെ 70 ൽ അധികം ആളുകളുടെ ജീവൻ പൊലിഞ്ഞിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

വനംവകുപ്പിന്റെ സമ്പൂർണ നിയന്ത്രണിത്തിലുള്ള ഇക്കോ ടൂറിസം കേന്ദ്രമായ ഇവിടേയ്ക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസവും എത്തുന്നത്. 30 രൂപ ഫീസ് നൽകി വനമേഖലയിൽ പ്രവേശിച്ചാൽ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ പ്രകൃതിഭംഗി ആസ്വദിച്ചിരിക്കാം. സഞ്ചാരികൾക്ക് ഭാഗ്യമുണ്ടെങ്കിൽ നദിയിൽ നീരാടാനും വെള്ളം കുടിക്കാനുമെത്തുന്ന ആനക്കൂട്ടത്തെയും അടുത്തുകാണാം.

വേനൽക്കാലമായതോടെ നദിയിൽ ദൃശ്യമാകുന്ന ചുഴികൾ നിർദ്ദിഷ്ഠപാതയിലൂടെ നടന്നുകാണാനും സുരക്ഷിതമായ കയങ്ങളിൽ നീരാടാനും അവസരമുണ്ട്. എല്ലായിടത്തും സഞ്ചാരികളുടെ സുരക്ഷയ്ക്കായി വനസംരക്ഷണ സമിതിയുടെ ഗൈഡ് കം വാച്ചർമാരുമുണ്ട്. അവരുടെ നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കണമെന്നു മാത്രമാണ് സഞ്ചാരികൾ പാലിക്കേണ്ട മര്യാദ.