police

ആലുവ: നക്ഷത്ര ശോഭയോടെ പുതുതായി നിർമ്മിച്ച ആലുവ പൊലീസ് സ്‌റ്റേഷന്റെയും റൂറൽ ജില്ലാ കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. ഇതോടനുബന്ധിച്ച് സ്റ്റേഷനിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കും. സംസ്ഥാന സർക്കാർ 2.52 കോടി രൂപ ചെലവിട്ടാണ് 9,850 ചതുരശ്ര അടിയിൽ ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. അത്യാധുനിക രീതിയിൽ മൂന്നു നിലകളിലായി നിർമിച്ച കെട്ടിടത്തിന്റെ പണി രണ്ട് വർഷത്തിനുള്ളിലാണ് പൂർത്തീകരിച്ചത്.

പൊലീസ് സ്റ്റേഷൻ വളപ്പിലും കൺട്രോൾ റൂം വളപ്പിലും മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പൊതുജനങ്ങൾക്കും വീക്ഷിക്കുന്നതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്. തുടർന്നാണ് പൊലീസ് സ്റ്റേഷൻ വളപ്പിൽ ഉദ്ഘാടന യോഗം നടക്കുന്നത്. ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എസ്.പി കെ. കാർത്തിക് എന്നിവരും പങ്കെടുക്കും.