
നഗരസഭകളിലെ കരാർ ജോലികൾക്ക് തൊഴിലുറപ്പുകാരും
കൊച്ചി: കരാറുകാർ കൈയൊഴിയുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് മികവോടെ പൂർത്തീകരിക്കുന്ന ദൗത്യവും തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റെടുക്കും. ഏല്പിക്കാൻ നഗരസഭകളും തയ്യാർ.
കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽരഹിതരായ നിരവധിപേർ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലേക്ക് കടന്നതോടെ കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ നഗരസഭകൾ തൊഴിലുറപ്പുകാരെ ആശ്രയിക്കാൻ തീരുമാനിച്ചു.
കാനയിലെ ചെളികോരൽ, പുല്ലുവെട്ടൽ, കൃഷിനിലം ഒരുക്കൽ തുടങ്ങി തൊഴിൽ ഉറപ്പുകാരെ ഏല്പിക്കും. ഓരോ ഡിവിഷനിലെയും തൊഴിലാളികളുടെ എണ്ണമെടുക്കാൻ കൗൺസിലർമാർക്ക് നിർദ്ദേശം നൽകി.
ലക്ഷ്യം ദാരിദ്ര്യ നിർമാർജനം
മറ്റു സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് ഗ്രാമങ്ങളിൽ ഒതുങ്ങുമ്പോൾ കേരളത്തിൽ മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പ്രദേശങ്ങൾക്കും പദ്ധതി ബാധകമാണ്. ഒരു കുടുംബത്തിന് പ്രതിവർഷം 100 തൊഴിൽ ദിവസങ്ങൾ ഉറപ്പു നൽകുന്നു. കുടുംബത്തിന് പ്രതിവർഷം പതിനയ്യായിരം രൂപയുടെ അധിക വരുമാനം, പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ പരിപോഷണം, മണ്ണ്, ജല, ജൈവസമ്പത്തുകളുടെ സംരക്ഷണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ക്ഷീരകർഷകരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലൈഫിൽ തൊഴിൽ അവസരങ്ങൾ
കൊച്ചി കോർപ്പറേഷനിൽ 5000 പേരാണ് തൊഴിലുറപ്പിൽ രജിസ്റ്റർ ചെയ്തവർ. അധികവും സ്ത്രീകളാണ്. ഇതിൽ 3400 പേർ ഭവനപദ്ധതിയായ പി.എം.എ.വൈയ്ക്ക് വേണ്ടി പണിയെടുക്കുന്നവരാണ്. വേതനനിരക്ക് പ്രതിദിനം 291 രൂപ. പണിയായുധം കൊണ്ടുവന്നാൽ അഞ്ചു രൂപ കൂടുതലായി ലഭിക്കും. രാവിലെ 9 മുതൽ 5 വരെയാണ് തൊഴിൽ സമയം. ഉച്ചഭക്ഷണത്തിനായി ഒരു മണിക്കൂർ ഇടവേളയുണ്ട്. 18 - 75 പ്രായപരിധിയിലുള്ള ആരോഗ്യമുള്ള ആർക്കും പദ്ധതിയിൽ ചേരാം. നേരത്തെ 65 ആയിരുന്നു പ്രായപരിധി. കൊവിഡ് കാലത്തെ തൊഴിൽ മാന്ദ്യം കണക്കിലെടുത്ത് 75 വരെയുള്ളവരെയും ഉൾപ്പെടുത്തി.
ഈ സാമ്പത്തികവർഷം 200 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ ബഡ്‌ജറ്റ് പ്രഖ്യാപനം. എല്ലാ തദ്ദേശ സ്ഥാനങ്ങളിലും തൊഴിലുറപ്പ് പദ്ധതിക്കായി പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
91 ലക്ഷം രൂപയുടെ പ്രവൃത്തികൾ.2020-21 ൽ തൊഴിലുറപ്പിലെ 88.96 ശതമാനം ജോലികളും പൂർത്തിയാക്കി. 1.2 കോടിയുടെ പദ്ധതിയിൽ 91 ലക്ഷം ചെലവഴിച്ചു.
പി.ആർ. റെനീഷ്,വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ