ചാലക്കുടി: ഇടതുകര മെയിൻകനാലിന്റെ ആരംഭത്തിലെ ഏഴാറ്റുമുഖം ഭാഗത്ത് കനാൽ മഹാപ്രളയത്തിൽ തകർന്നത് പുനരുദ്ധീകരിക്കുന്നതിനുവേണ്ടി 5.64 കോടി രൂപയ്ക്ക് ജലവിഭവവകുപ്പ് ഭരണാനുമതി നൽകിയതായി മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ അറിയിച്ചു. ഇതുസംബന്ധമായി മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിലിന്റെ നേതൃത്വത്തിൽ മുന്നണി നേതാക്കളായ അഡ്വ. കെ. കെ. ഷിബു , എൽ.ഡി.എഫ് കൺവീനർ പി. ജെ. വർഗ്ഗീസ്,സി. ബി രാജൻ ,മാത്യൂസ് കോലഞ്ചേരി, ജെയ്‌സൺ പാനികുളങ്ങര തുടങ്ങിയവർ നിവേദനം നൽകിയിരുന്നു.
2018 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിൽ പുഴ ഗതിമാറി ഒഴുകിയതുമൂലം ചാലക്കുടി റിവർ ഡൈവേർഷൻ സ്‌കീമിന്റെ ഇടതുകര മെയിൻ കനാലിന്റെ ആരംഭത്തിൽ ഏഴാറ്റുമുഖം ഭാഗത്ത് ചെയിനേയ്ഡ് 0/ 500 നും ഇടയിലായി മെയിൻ കനാലിന്റെ ഏകദേശം 200 മീറ്റർ വലത് വശം കനാൽ ബണ്ട് തകർന്നുപോയിരുന്നു. ഈ ഭാഗത്ത് 12 മീറ്റർ ഉയരമുള്ള സംരക്ഷണഭിത്തി നിർമ്മിച്ച് ബണ്ട് ബലപ്പെടുത്തി കനാൽ പൂർവ്വസ്ഥിതിയിലാക്കുന്നതിനായി സംസ്ഥാന സർക്കാർ റീ ബിൽഡ് കേരള ഇൻഷിയേറ്റീവ് ആർ. കെ. ഐ പദ്ധതിപ്രകാരം 5.64 കോടിരൂപ അനുവദിച്ചു. ഇന്നുചേർന്ന ഹൈ ലെവൽ എംബവേർഡ് കമ്മിറ്റിയാണ് പദ്ധതിയ്ക്കുള്ള ഭരണാനുമതി നൽകിയത്. ബണ്ട് തകർന്നുപോയതുമൂലം നിയന്ത്രിത അളവിലാണ് പ്രളയ ശേഷം ഇടതുകര കനാൽ വഴി ജലവിതരണം നടത്തി കൊണ്ടിരുന്നത്. പ്രളയത്തെത്തുടർന്ന് ആദ്യപടിയായി 35 ലക്ഷം രൂപ ചെലവഴിച്ച് താല്ക്കാലിക അടിസ്ഥാനത്തിൽ ബണ്ട് പുനർ നിർമ്മിച്ചാണ് ഇതുവരെ ജലവിതരണം നടത്തിയിരുന്നത്‌.