rail

കൊച്ചി: കൊവിഡിലേറ്റ വൻ നഷ്‌ടത്തിൽ നിന്ന് കരകയറാൻ റെയിൽവെ ചരക്കുഗതാഗതവും സ്വകാര്യപങ്കാളിത്തവും ശക്തിപ്പെടുത്തും. കേന്ദ്ര ബഡ്‌ജറ്റിൽ ഇക്കുറി റെയിൽവെയ്ക്ക് 1.10 ലക്ഷം കോടി രൂപയുണ്ട്. നടപ്പുവർഷത്തേക്കാൾ 57 ശതമാനം അധികമാണിത്.

കൊവിഡിൽ 87 ശതമാനമാണ് റെയിൽവെയുടെ വരുമാനനഷ്‌ടം. 2019ൽ 53,000 കോടി രൂപയായിരുന്ന വരുമാനം 2020ൽ 4,600 കോടി രൂപയിലൊതുങ്ങി. നഷ്‌ടം നികത്താനുള്ള നാഷണൽ റെയിൽ പ്ലാനിന്റെ ഭാഗമാണ് പുതിയ പദ്ധതികൾ. 150 സ്വകാര്യ ട്രെയിനുകൾക്ക് ടെൻഡർ വിളിച്ചിട്ടുണ്ട്.

മൂന്ന് ഇടനാഴികൾ

3,958 കിലോമീറ്റർ വ്യാപിക്കുന്ന മൂന്ന് ചരക്ക് ഗതാഗത ഇടനാഴികളാണ് തുടങ്ങുക. രണ്ടെണ്ണം 2022ൽ പൂർത്തിയാക്കും. വെസ്റ്റേൺ ഡെഡിക്കേറ്റഡ് കൊറിഡോറിന്റെ ഭാഗമായി മുംബയ് ജവഹർലാൽ നെഹ്റു തുറമുഖം മുതൽ യു.പിയിലെ ദാദ്രി വരെയാണ് ഒന്ന്.

പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ബംഗാളിലെ ഡാങ്കുനിയിൽ അവസാനിക്കുന്നതാണ് രണ്ടാമത്തേത്. ഇരുപദ്ധതിൾക്കും 99 ശതമാനം സ്ഥലവും ഏറ്റെടുത്ത് പ്രവർത്തനം പുരോഗമിക്കുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ 70 ശതമാനം ചരക്ക് ട്രെയിനുകളും ഇടനാഴികളുടെ ഭാഗമാകും.

നേട്ടങ്ങൾ

 വ്യവസായ മേഖലയിലെ ചരക്കുനീക്കച്ചെലവ് ഗണ്യമായി കുറയും.

 പശ്ചാത്തല വികസനത്തിലൂടെ 2024 ആകുമ്പോഴേക്കും ചരക്ക് ഗതാഗതത്തിൽ പത്ത് ലക്ഷം ടൺ ലക്ഷ്യം കൈവരിക്കും.

 റോഡ് വഴിയുള്ള ചരക്കുനീക്കം കുറയ്ക്കാം. സമയവും ലാഭിക്കാം. മലിനീകരണവും കുറയ്ക്കാം.

 ബ്രോഡ്ഗേജ് പാതകൾ 2023 ഡിസംബറോടെ 100 ശതമാനം വൈദ്യുതീകരിക്കും.

 2024ഓടെ 16,373 കിലോമീറ്റർ പാത ഇരട്ടിപ്പിക്കും.