
കൊച്ചി: കൊവിഡ് ആഘാതത്തിൽ നിന്നു രാജ്യത്തെ ഉണർത്താൻ കഴിയുന്നതാണ് കേന്ദ്ര ബഡ്‌ജറ്റെന്ന് ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ രവീന്ദ്രകുമാർ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖ സംഘടിപ്പിച്ച ബഡ്‌ജറ്റ് അവലോകന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിനും ഉപകാരപ്രദമായ ബഡ്‌ജറ്റാണിത്. കൊവിഡിനെ തുടർന്ന് രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അധികനികുതി ഏർപ്പെടുത്തിയിട്ടില്ല. വികസന പദ്ധതികൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകിയത് ശക്തമായ ഇന്ത്യയെ സൃഷ്ടിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഐ.സി.എ.ഐ ഭവനിൽ നടന്ന ചടങ്ങിൽ സെൻട്രൽ കൗൺസിൽ അംഗം ബാബു ഏബ്രഹാം കള്ളിവയലിൽ അദ്ധ്യക്ഷത വഹിച്ചു. റീജണൽ കൗൺസിൽ മുൻ ചെയർമാൻ ജോമോൻ കെ. ജോർജ്, എറണാകുളം ബ്രാഞ്ച് ചെയർമാൻ റോയ് വർഗീസ്, സെക്രട്ടറി കെ.വി.ജോസ് എന്നിവർ പ്രസംഗിച്ചു. ചാർട്ടേർഡ് അക്കൗണ്ടന്റുമാരായ വി. സത്യനാരായണൻ, പി.ടി. രാജീവ് എന്നിവർ ക്ലാസ് നയിച്ചു.