police

കൊച്ചി : സംസ്ഥാന സർക്കാരിന്റെ സാമ്പത്തികസഹായം മുടങ്ങിയതോടെ എയ്ഡഡ് സ്‌കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി പ്രതിസന്ധിയിൽ. പതിനായിരത്തിൽപരം കുട്ടികളുടെ കുട്ടി പൊലീസ് മോഹം ഇതോടെ ഇല്ലാതാവുന്നത്. സമൂഹിക പ്രതിബദ്ധതയുള്ള കുട്ടികളെ വാർത്തെടുക്കാൻ നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി.

2014 മുതൽ എസ്.പി.സി പദ്ധതി ആരംഭിച്ച 115 എയ്ഡഡ് സ്‌കൂളുകൾക്കാണ് സർക്കാർ ഫണ്ട് ലഭിക്കാത്തത്. മുമ്പ് എസ്.പി.സി നടത്തുന്ന സ്‌കൂളുകൾക്കും 2014 നു ശേഷം അനുവദിക്കുന്ന സർക്കാർ സ്‌കൂളുകൾക്കും തടസമില്ലാതെ ഫണ്ട് ലഭിക്കുന്നുണ്ട്. യൂണിഫോമിനോ ദൈനംദിന പരിശീലനത്തിനോ പണമില്ലാതെ 115 സ്‌കൂളുകളിലെ പതിനായിരത്തിൽപരം കേഡറ്റുകളുടെ പരിശീലനം മുടങ്ങുന്ന അവസ്ഥ. 2014 മുതൽ എയ്ഡഡ് സ്‌കൂളിൽ പദ്ധതി അനുവദിക്കുമ്പോൾ രണ്ടു വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കാനും ആ പണം ഉപയോഗിച്ചു പദ്ധതി നടത്താനും തുടർന്ന് ഫണ്ട് അനുവദിക്കാമെന്നും ആയിരുന്നു വാഗ്ദാനം. ഏഴുവർഷം കഴിഞ്ഞിട്ടും ഫണ്ട് അനുവദിച്ചട്ടില്ല. ചില സ്‌കൂളുകളിൽ മാനേജ്മെന്റ് പണം നൽകിയും ചിലയിടത്ത് പി.ടി.എ, എസ്.പി.സി ചുമതലക്കാരായ അദ്ധ്യാപകരും സഹപ്രവർത്തകരും സുമനസുകളായ നാട്ടുകാരും സഹായിച്ചാണ് പദ്ധതി മുന്നോട്ടു പോകുന്നത്. രണ്ടര ലക്ഷം രൂപ ഒരു വർഷം പദ്ധതിക്ക് ചെലവ് വരും.

പണം കണ്ടെത്താൻ നെട്ടോട്ടം

സ്‌കൂൾ അധികൃതരും പി.ടി.എയും ചുമതലക്കാരായ അദ്ധ്യാപകരും പണം കണ്ടെത്താൻ നെട്ടോട്ടത്തിലാണ്. കൊവിഡ് സാഹചര്യത്തിൽ സാധാരണക്കാരുടെ മക്കൾ കൂടുതലായി പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ പണം കണ്ടെത്തുക പ്രതിസന്ധിയായതോടെ പദ്ധതി നടത്തിപ്പ് വഴിമുട്ടിയെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. എസ്.പി.സി പദ്ധതി കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയും മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്യുമ്പോഴാണ് ഏഴുവർഷം പദ്ധതി നടപ്പാക്കിയ സ്‌കൂളുകളെ ശ്രദ്ധിക്കാതെ പോകുന്നത്.

വീണ്ടും നിവേദനങ്ങൾ

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിരവധി നിവേദനങ്ങൾ നൽകിയിട്ടും നിയമസഭയിൽ എം.എൽ.എമാർ ഉന്നയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ല. അദ്ധ്യാപകരുടെ യോഗം ചേർന്നു ഫണ്ട് അനുവദിക്കാൻ വേണ്ട ശ്രമങ്ങൾ നടത്തുന്നതിന് കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 115 സ്കൂളുകൾ എം.എൽ.എമാർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർക്ക് നിവേദനം നൽകും. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

അനൂബ് ജോൺ

എസ്.പി.സി കോ ഓർഡിനേറ്റർ

രാമമംഗലം ഹെെസ്കൂൾ