കൊച്ചി: വനിതാസാരഥ്യത്തിലേക്ക് മാറിയതോടെ കളക്‌ടറേറ്റിലെ കാന്റിൻ ഉഷാറായി. കുടുംബശ്രീ സംരംഭമായ കേരളശ്രീയുടെ നേതൃത്വത്തിലാണ് കാന്റിനിന്റെ പ്രവർത്തനം. മോശം അവസ്ഥയിലായിരുന്ന കാന്റീൻ പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബശ്രീ നവീകരിച്ചത്. നിർദ്ധന കുടുംബത്തിൽ നിന്നുള്ള 25 സ്ത്രീകളാണ് ചുക്കാൻ പിടിക്കുന്നത്. പ്രതിസന്ധികളിൽ പതറാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്ന നിശ്ചയദാർഢ്യയത്തോടെയാണ് ഇവരുടെ പ്രവർത്തനം. മിതമായ നിരക്കിൽ രുചികരമായ ഭക്ഷണം ലഭിച്ചുതുടങ്ങിയതോടെ കളക്‌ടറേറ്റിലെ ജീവനക്കാർ വീണ്ടും കാന്റീനിലേയ്ക്ക് തിരിച്ചെത്തി തുടങ്ങി. ചിട്ടയായ രീതിയിൽ വൃത്തിയുള്ള അന്തരീക്ഷത്തിലാണ് പാചകം. തലേന്നത്തെ ആഹാരം ചൂടാക്കി വീണ്ടും തീൻമേശയിൽ വിളമ്പുന്ന പതിവ് ഇവിടെയില്ല. തിരക്ക് കൂടുതലായതിനാൽ സാധാരണ ഭക്ഷണം മിച്ചംവരാറില്ല. അഥവാ വന്നാൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വീടുകളിലേയ്ക്ക് കൊടുത്തുവിടും.

ജോലികൾ ഓരോരുത്തർക്കായി വീതം വച്ച് നൽകിയിട്ടുണ്ട്. പ്രൊഫഷണൽ രീതിയിൽ പാചകം അഭ്യസിച്ച സ്ത്രീകളാണ് അടുക്കളയുടെ ചുക്കാൻ പിടിക്കുന്നത്. ശുചീകരണത്തിന് വേറെ ഒരു സംഘം. വിളമ്പാനും മേശ വൃത്തിയാക്കാനും ചായ ഉണ്ടാക്കുന്നതിന് പോലും വെവ്വേറെ സ്ത്രീകളുണ്ട്. കൂട്ടായ്മയുടെ കരുത്താണ് സംരംഭത്തെ മുന്നോട്ടുനയിക്കുന്നത്. രാവിലെ പ്രഭാതഭക്ഷണ ജോലികൾക്ക് പിന്നാലെ ഉച്ചയൂണിലേയ്ക്കു കടക്കും. പ്രതിദിനം 200 ലേറെ പേർ ഉൗണിനുണ്ടാവും. നാലു മണി ചായയ്ക്ക് ഒപ്പം നാടൻ പലഹാരങ്ങൾ. രാത്രി എട്ട് മണിയോട് കൂടി കാന്റിൻ അടയ്ക്കും. വരുമാനം നേടുക മാത്രമല്ല പുതിയൊരു ഭക്ഷണസംസ്കാരം കൂടി പ്രചരിപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു.