ciment
ആലുവ റെയിൽവേ സ്റ്റേഷനിൽ സിമന്റ് ലോറിയിലേക്ക് ഇറക്കുന്നു

ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊടിശല്യം വീണ്ടും രൂക്ഷമായി. ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് ഗുഡ്‌ഷെഡിന്റെ പ്രവർത്തനം വീണ്ടും സാധാരണ നിലയിലായതോടെയാണ് പൊടിശല്യവും രൂക്ഷമായത്. പരിസരത്തെ വീടുകളിൽ താമസിക്കുന്നവർക്കും ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും പൊടിശല്യം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

ആലുവ റെയിൽവേ ഗുഡ്‌സ് ഗുഡ്‌സ് ഷെഡിൽ സിമന്റ് ഇറക്കുന്നതും ഇവിടെ നിന്ന് ലോറികളിൽ കൊണ്ടുപോകുന്നതും സ്‌റ്റേഷനിലും പരിസരങ്ങളിലും പൊടിശല്യത്തിന് ഇടയാക്കുന്നതായി മനുഷ്യവകാശ കമ്മീഷന് മുന്നിൽ നേരത്തേ തന്നെ പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെയിൽവെ അധികൃതർ നൽകിയ മറുപടിയിൽ തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് ആക്ഷേപമുണ്ട്. അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന പൊടിയുടെ അളവ് കൃത്യമായി കണ്ടെത്താൻ ഇതുവരെ അധികൃതർ തയ്യാറായില്ലെന്നും ആക്ഷേമുണ്ട്.

മലിനീകരണം കാരണം സിമന്റ് പൊടി

പരിസരത്തെ കെട്ടിടങ്ങളെല്ലാം പൊടിയിൽ വൃത്തികേടായി തുടങ്ങി. ഗുഡ്‌സ് ട്രെയിനിൽ നിന്നും ലോറിയിലേക്കും അല്ലാതെയും സിമന്റ് ഇറക്കുമ്പോഴാണ് അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നത്. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരും മുകളിലൂടെ നടപ്പാലം വഴി പോകുന്നവരും ബുദ്ധിമുട്ടുന്നുണ്ട്. കൊവിഡിനെ പ്രതിരോധിക്കാൻ മുഖത്ത് വച്ചിട്ടുള്ള മാസ്‌ക് ഉപയോഗിച്ച് സിമന്റ് പൊടിയെ പ്രതിരോധിക്കാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.