
ഏലൂർ: ഏലൂർ പ്രൈമറി ഹെൽത്ത് സെന്ററിന്റെ കീഴിലുള്ള ഔദ്യോഗിക കൊവിഡ് വാക്സിനേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. കൊവിഡ് പ്രതിരോധ വാക്സിൻ സെന്റ് ജോസഫ് ആശുപത്രി ഡയറക്ടർ റവ. ഫാദർ ഗോഡ്‌വിൻ തിമോത്തി ഹെൽത്ത് സെന്റർ ഉദ്യോഗസ്ഥരിൽ നിന്നും ഏറ്റുവാങ്ങി, വാക്സിനേഷൻ സെന്ററിന് കൈമാറി. കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ എ.ഡി സുജിൽ നിർവഹിച്ചു. ഡയറക്ടർ റവ. ഫാദർ ഗോഡ്‌വിൻ തിമോത്തി, അസോ.ഡയറക്ടർ ഫാദർ ലാൽജു പോളപറമ്പിൽ, വൈസ് ചെയർപേഴ്‌സൺ ലീല ബാബു, വാർഡ് കൗൺസിലർ ദിവ്യ നോബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ (ആരോഗ്യം) ഷെരീഫ് പി. എ. ഡോ. വിക്ടർ എന്നിവർ സംസാരിച്ചു. ആദ്യ ദിവസം 56 പേർ വാക്സിൻ സ്വീകരിച്ചു. പി.എച്ച്.സി. മെഡിക്കൽ ഓഫിസർ ഡോ. വിക്ടർ ആദ്യ വാക്സിനേഷൻ സ്വീകരിച്ചു. പി.എച്ച്.സി യിൽ നിന്നുള്ള ഓഫിസർമാരും സെന്റ് ജോസഫ് ആശുപത്രി സ്റ്റാഫും ചേർന്നാണ് വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർക്കും ആശാ വർക്കർമാർക്കുമാണ് ആദ്യ ദിനത്തിൽ വാക്സിനേഷൻ നൽകിയത്. വരും ദിവസങ്ങളിൽ സെന്റ് ജോസഫ് ആശുപത്രി സ്റ്റാഫിനും, തുടർന്ന് മുൻഗണന ലിസ്റ്റിൽ ഉള്ളവർക്കും, തുടർന്ന് പൊതു ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കും.