aicc

നെടുമ്പാശേരി: സഭാതർക്ക വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി പ്രസിഡന്റ് സോണിയാഗാന്ധി അയച്ച പ്രത്യേക ദൂതൻ നെടുമ്പാശേരിയിൽ യാക്കോബായ സഭ മെത്രാപ്പൊലീത്ത ഡോ. ഏലിയാസ് അത്താനാസിയോസിനെ അരമനയിൽ സന്ദർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എ.ഐ.സി.സി സെക്രട്ടറി അഡ്വ. ഐവാൻ ഡിസൂസയുടെ സന്ദർശനം.

സഭാതർക്കത്തിൽ കോൺഗ്രസ് നിശബ്ദത പാലിച്ചതിലുള്ള പ്രതിഷേധം മെത്രാപ്പൊലീത്ത എ.ഐ.സി.സി സെക്രട്ടറിയെ അറിയിച്ചു. തങ്ങളുടെ ദേവാലയങ്ങളിൽ ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന സ്ഥിതി ആവർത്തിക്കരുത്. ജനാധിപത്യ മര്യാദയനുസരിച്ച് റഫറണ്ടം നടത്തി ഇടവക പള്ളികൾ ഭൂരിപക്ഷത്തിന് വിട്ടുകൊടുക്കുക, പ്രശ്‌നം ശാശ്വതമായി പരിഹരിക്കുവാൻ സർക്കാർ നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നൽകുവാൻ കൈമാറി.

ഡോ. ഏലിയാസ് അത്താനാസിയോസ് മെത്രാപ്പൊലീത്ത, വർഗീസ് അരീയ്ക്കൽ കോർ എപ്പിസ്‌കോപ്പ., വികാരി ഫാ. തോമസ് എം പോൾ, ഷെവലിയാർ സി.വൈ. വർഗിസ്, റെജി സി വർക്കി, ട്രസ്റ്റി റോഷൻ ജോൺ എന്നിവർ ഐവാൻ ഡിസൂസയെ സ്വീകരിച്ചു.


'