
കൊച്ചി: പതിറ്റാണ്ടുകളായി കടലാസിൽ ഒതുങ്ങുകയും എം.എൽ.എ ഫണ്ട് അനുവദിച്ച് നാലു വർഷമായിട്ടും നിർമ്മാണം ആരംഭിക്കാൻ കഴിയാത്തതുമായ പള്ളുരുത്തി മധുര കമ്പനി പാലത്തിന് ശാപമോക്ഷമായി. പള്ളുരുത്തിയെ കൊച്ചി നഗരവും തൃപ്പൂണിത്തുറ, വൈറ്റില പ്രദേശങ്ങളുമായി ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന പ്രധാന മാർഗമാണ് മധുരകമ്പനി പാലം.
അപ്രോച്ച് റോഡിനായി പതിമൂന്നര സെന്റ് സ്ഥലം ഏറ്റെടുത്താൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമായിരുന്നു. പാലം നിർമ്മാണത്തിനായി ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും നാല് വർഷം മുമ്പ് തന്നെ 2.80 കോടി രൂപ അനുവദിച്ചിട്ടും പദ്ധതിക്ക് അനക്കമുണ്ടായില്ല..
പണം അനുവദിച്ചിട്ടും പദ്ധതി വൈകുന്ന വിവരം എം.എൽ.എ. തദ്ദേശവകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നായിരുന്നു അടിയന്തര നടപടി. തദ്ദേശ വകുപ്പ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചു. തുടർന്ന് മേയർ എം. അനിൽകുമാർ വിളിച്ച് ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ടെൻഡർ നടപടികൾക്കായി നിർദ്ദേശം നൽകി.
സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി മേയർ, എം.എൽ.എമാരായ ജോൺ ഫെർണാണ്ടസ്, എം. സ്വരാജ്, ജില്ലാ കളക്ടർ എസ്. സുഹാസ്, എന്നിവർ സ്ഥലം സന്ദർശിച്ചു. കൊച്ചി കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.എ. ശ്രീജിത്ത്, കൗൺസിലർമാരായ അഡ്വ. പി.എസ് വിജു, ലൈലാ ദാസ്, ജീജാ ടെൻസൺ എന്നിവർ ഒപ്പമുണ്ടായിരുന്നു.
മധുരക്കമ്പനി പാലം പൂർത്തിയാകുന്നതോടെ പള്ളുരുത്തി മേഖലയിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാനാകും. പള്ളുരുത്തി, ഇടക്കാച്ചി മേഖലയിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാൻ പാലത്തിന് സാധിക്കും.