@സർക്കാർ ഉത്തരവ് റദ്ദാക്കി
കൊച്ചി:കേന്ദ്രത്തിനെതിരെ 2019 ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടന്ന ദേശീയ പൊതുപണിമുടക്കിൽ ജോലിക്ക് ഹാജരാകാത്ത സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളത്തോടെ അവധി അനുവദിച്ച് ജനുവരി 31ന് സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അവധിയും ശമ്പളവും അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിൽ പറഞ്ഞു.
പണിമുടക്ക് ദിവസങ്ങളിലെ ഹാജർ രജിസ്റ്റർ പരിശോധിച്ച് അനധികൃത അവധിയുമായി ബന്ധപ്പെട്ട നിയമങ്ങളുടേയും ഉത്തരവുകളുടേയും അടിസ്ഥാനത്തിൽ ഭരണനിർവഹണ പ്രിൻസിപ്പൽ സെക്രട്ടറിയും വകുപ്പ് മേധാവികളും നടപടി സ്വീകരിക്കണം. അതിന്റെ റിപ്പോർട്ട് രണ്ടുമാസത്തിനകം നൽകണം. തുടർന്ന് ഹർജി വീണ്ടും പരിഗണിക്കും. ബി.എം.എസ് ഒഴികെ പങ്കെടുത്ത പണിമുടക്കിൽ അവധി അനുവദിച്ച ഉത്തരവിനെതിരെ സംസ്ഥാന ക്രൈം റെക്കാഡ്‌സ് ഫിംഗർ പ്രിന്റ് ബ്യൂറോ മുൻ ഡയറക്ടർ ജി. ബാലഗോപാലൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
@ഹർജിയിലെ വാദങ്ങൾ
പണിമുടക്ക് ദിവസം ആരോഗ്യകാരണങ്ങളല്ലാതെ അവധിയെടുക്കാൻ മുമ്പ് അനുവദിച്ചിരുന്നില്ല. ജോലിക്ക് കയറുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകുമായിരുന്നു. പണിമുടക്കുന്നവരുടെ അന്നത്തെ ശമ്പളം തടഞ്ഞിരുന്നു. പിന്നീട് ഡയസ്‌നോൺ ഒഴിവാക്കി കാഷ്വൽ ലീവ് അനുവദിച്ചു. ഈ പണിമുടക്കിന് ഡയസ്‌നോൺ പ്രഖ്യാപിച്ചില്ല. പണിമുടക്കിയവർക്ക് ശമ്പളത്തോടെ അവധി അനുവദിച്ച് സമരത്തെ സഹായിച്ചു.
@സർക്കാർ വാദങ്ങൾ
പണിമുടക്കിൽ ഗതാഗത സൗകര്യമില്ലാത്തതിനാൽ ഓഫീസിലെത്താൻ ജീവനക്കാർക്ക് കഴിയാത്തതിനാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അർഹരായവർക്കാണ് അവധി അനുവദിച്ചത്. അമിതാധികാരം പ്രയോഗിക്കുകയോ സമരത്തെ സഹായിക്കുകയോ ചെയ്തില്ല. ന്യായമായ കാരണങ്ങൾ അവഗണിക്കാനാവില്ല.
@ഡയസ്നോൺ ബാധകമെന്ന് കോടതി
പണിമുടക്കുന്നവർക്ക് കേരള സർവീസ് റൂൾസ് പ്രകാരം ഡയസ്‌നോൺ ബാധകമാണ്. ഡയസ്‌നോൺ ബാധകമായവർക്ക് അന്നത്തെ ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും അർഹതയില്ല. ഏൺഡ് ലീവിന് ഈ കാലയളവ് പരിഗണിക്കില്ല. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകളുണ്ട്.
@കോടതിയുടെ വിമർശനങ്ങൾ
രാഷ്ട്രീയപ്രവർത്തനം നടത്താനും പണിമുടക്കിൽ പങ്കെടുക്കാനും സർക്കാർ ജീവനക്കാർക്ക് കടുത്ത നിയന്ത്രണങ്ങളുണ്ട്. സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും ഉത്തരവുകളുണ്ട്. പണിമുടക്കിയ ജീവനക്കാരെ സംരക്ഷിക്കുന്നതാണ് സർക്കാർ ഉത്തരവ്. അർഹർക്ക് മാത്രമാണ് അവധി അനുവദിച്ചതെന്ന് പറയുന്നെങ്കിലും ആവശ്യമായ അന്വേഷണം സർക്കാർ നടത്തിയില്ല. അർഹർക്ക് അവധി നൽകുന്നതിന് പകരം എല്ലാവർക്കും ബാധകമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. ഇതിന് സർക്കാരിന് സ്വാതന്ത്ര്യമോ അവകാശമോ ഇല്ല. അതിനാൽ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല. സർവീസ് വിഷയമായി ഉത്തരവിനെ കാണാനാവില്ല. നയപരമായ തീരുമാനമായാലും ദുരുദ്ദേശ്യപരവും സ്വേച്ഛാപരവും നിയമവിരുദ്ധവുമാണെങ്കിൽ കോടതിക്ക് ഇടപെടാം.