കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ ജനവാസ മേഖലയായ കുപ്പേത്താഴത്ത് മല തുരന്ന് അനധികൃത മണ്ണെടുപ്പ് രൂക്ഷം. കഴിഞ്ഞ നാലു വർഷം മുമ്പ് മണ്ണെടുത്ത് മാറ്റാനായി നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞതോടെ നിർത്തി വെച്ചിരുന്ന മണ്ണെടുപ്പാണ് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊലീസടക്കമുള്ള ഉദ്യോഗസ്ഥരുടെ തിരക്ക് മറയാക്കി പ്രതി ദിനം നൂറു കണക്കിന് ലോഡ് മണ്ണെടുത്ത് മാറ്റുന്നത്. മൈനിംഗ് ജിയോളജി വകുപ്പിന്റെ നിശ്ചിത ലോഡ് മണ്ണെടുക്കാനുള്ള പെർമിറ്റിന്റെ മറവിലാണ് നൂറു കണക്കിന് ലോഡ് മണ്ണ് അനധികൃതമായി കടത്തുന്നത്. നാലു വർഷം മുമ്പ് മണ്ണെടുത്തപ്പോൾ ഇളകി കിടക്കുന്ന മണ്ണെടുത്ത് മാറ്റാനെന്ന വ്യാജേനയാണ് പാസ് സംഘടിപ്പിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ മണ്ണെടുപ്പ് തടയാനെത്തിയ നാട്ടുകാരെ മണ്ണു മാഫിയ, ഗുണ്ടകളെ രംഗത്തിറക്കിയാണ് നേരിട്ടത്. മണ്ണെടുക്കാൻ പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ ഒത്താശയുള്ളതായും നാട്ടുകാർക്ക് പറയുന്നു. മണ്ണെടുപ്പ് സംബന്ധിച്ച് റവന്യൂ അധികൃതർക്ക് പരാതി നല്കിയെങ്കിലും മൈനിംഗ് ജിയോളജി വകുപ്പിന്റെ പാസുണ്ടെന്ന് പറഞ്ഞ് തടിയൂരി. അളവിൽ കവിഞ്ഞ മണ്ണെടുക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെടുത്താനായിരുന്നു നിർദ്ദേശം എന്നാൽ പൊലീസ് ഇക്കാര്യത്തിൽ തികഞ്ഞ മൗനം പാലിക്കുകയാണെന്നും ആരോപണമുണ്ട്. മണ്ണെടുപ്പ് തുടർന്നാൽ ശക്തമായ സമര പരിപാടികളോടെ നേരിടാനാണ് നാട്ടുകാരുടെ തീരുമാനം
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു
ചെമ്മനാട് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമാണിത്. നേരത്തെ, വേനൽക്കാലത്ത് വറ്റുന്ന കിണറുകൾ ഇപ്പോൾ തന്നെ വറ്റി വരണ്ടു തുടങ്ങി. നാട്ടുകാർ തെളി നീരിനായി ഏറെ ആശ്രയിക്കുന്ന ചെമ്മനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ അമ്പലക്കുളവും മണ്ണെടുപ്പ് പൂർത്തിയാകുന്നതോടെ നാമാവശേഷമാകും.