
തൃക്കാക്കര : ചെറുകിട സംരംഭകർക്ക് ആശ്വാസമായി രാജഗിരി ബസാർ. കാക്കനാട് രാജഗിരി വാലിയിൽ രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ്, രാജഗിരി ബിസിനസ് സ്‌കൂൾ എന്നിവയുടെ സഹകരണത്തോടെയാണ് രാജഗിരി ബസാർ സംഘടിപ്പിച്ചത്.കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങളായ നിത്യോപയോഗ സാധനങ്ങൾക്കൊപ്പം എം.പി.ഇ.ഡി.എ, ബാംബൂ കോർപ്പറേഷൻ, ഹൈറേഞ്ച് ഹണി തുടങ്ങിയവയുടെ ഉത്പന്നങ്ങളും രാജഗിരി ബസാറിൽ വില്പനയ്ക്ക് എത്തിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യപ്രാപ്തിക്കായുള്ള രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പരിപാടി എന്ന നിലയിലാണ് എല്ലാ മാസവും ആദ്യ മൂന്ന് ദിവസങ്ങളിൽ രാജഗിരി ബസാർ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യ സംഘാടകൻ ഫാ. ഫ്രാൻസിസ് സെബാസ്റ്റ്യൻ സി.എം.ഐ പറഞ്ഞു. രാജഗിരി ബസാറിൽ തങ്ങളുടെ ഉത്പന്നങ്ങൾ നല്ല രീതിയിൽ വിറ്റഴിക്കാൻ സാധിക്കുന്നുണ്ടെന്ന് കുടുംബശ്രീ പ്രതിനിധി മേരി ഇട്ടീര പറഞ്ഞു. രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ ഫാ. ഡോ. ജോസ് കുര്യേടത്ത് സി.എം.ഐ രാജഗിരി ബസാറിന്റെ ഉദ്ഘാടനവും ആദ്യ വില്പനയും നിർവ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രഞ്ജിനി എസ്, മാർക്കറ്റിംഗ് ഡി.പി.എം അരുൺ പി.ആർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബിനോയ് ജോസഫ്, രാജഗിരി ബിസിനസ് സ്‌കൂൾ ഡയറക്ടർ ഡോ. സുനിൽ പുലിയക്കോട്ട്, രാജഗിരി ബസാർ ജോയിന്റ് കൺവീനർ ഡോ. എം.പി ആന്റണി എന്നിവർ സംസാരിച്ചു.