
ഭീകരഗ്രൂപ്പിലേക്ക് റിക്രൂട്ട്മെന്റ് നടത്തി
20 പ്രതികൾക്കും നിയമവിരുദ്ധ ബന്ധങ്ങൾ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര ചാനൽ സ്വർണക്കടത്തിനായി പ്രതികൾ ഭീകര ഗ്രൂപ്പ് രൂപീകരിച്ചതായും സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതായും എൻ.ഐ.എ. സ്വപ്ന സുരേഷും സരിത്തും ഉൾപ്പെടെ ഈ സംഘത്തിൽ പങ്കാളികളായെന്നു വ്യക്തമാക്കി കഴിഞ്ഞ ജനുവരി അഞ്ചിന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിലാണ് നിർണായക വിവരം. അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കേസിൽ പ്രതി ചേർത്തിട്ടില്ല.
2019 മുതൽ തുടരുന്ന സ്വർണക്കടത്തിനു പിന്നിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക കെട്ടുറപ്പും തകർക്കുകയെന്ന ലക്ഷ്യവും പ്രതികൾക്കുണ്ടായിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. സ്വർണക്കടത്തിനായാണ് ഭീകരഗ്രൂപ്പ് രൂപീകരിച്ചത്. ഇവർ പരസ്പരം സഹായിച്ചു പ്രവർത്തിച്ചു. 167 കിലോ സ്വർണം നയതന്ത്ര ചാനൽ വഴി കടത്തി. വൻതോതിൽ സ്വർണം കടത്തുന്നത് രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ദോഷകരമാകുമെന്ന് അറിഞ്ഞുതന്നെയായിരുന്നു പ്രവർത്തനം. ഇന്ത്യയും യു.എ.ഇയുമായുള്ള സൗഹൃദബന്ധം തകർക്കാനും ശ്രമിച്ചു. പ്രതികളുടെ ഭീകരബന്ധത്തെക്കുറിച്ചുള്ള വിശദ അന്വേഷണത്തിനു ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്.
സ്വദേശത്തും വിദേശത്തും നിന്ന് പണം പിരിച്ച് യു.എ.ഇയിൽ നിന്ന് സ്വർണം കടത്തി ഇന്ത്യയിൽ വിറ്റഴിച്ചു സ്വരൂപിച്ച തുക 'റിവേഴ്സ് ഹവാല'യായി തിരിച്ചു കടത്തിയതായാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. വീണ്ടും സ്വർണം വാങ്ങാനും കടത്താനും തുക വിനിയോഗിച്ചു. ഭീകരബന്ധത്തിന്റെ പേരിൽ പ്രതികൾക്കെതിരെ യു.എ.പി.എ സെക്ഷൻ 20 കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. ഭീകര സംഘടനയിലോ സംഘത്തിലോ അംഗമായി എന്നതാണ് സെക്ഷൻ പ്രകാരമുള്ള കുറ്റം.
20 പ്രതികൾക്കും നിയമവിരുദ്ധ ബന്ധങ്ങൾ
പ്രതികളായ 20 പേർക്കും വിദേശത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധങ്ങളുള്ളതിന് രേഖകൾ ലഭിച്ചതായി എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു. ഇന്ത്യയിലേയ്ക്ക് സ്വർണം വാങ്ങാനും കള്ളക്കടത്തിനും ഇവർ ഒത്താശ നൽകി. യു.എ.ഇയിൽ പങ്കാളിയായിരുന്ന മൂവാറ്റുപുഴ സ്വദേശി റബിൻസിനെ ഇന്ത്യയിലെത്തിച്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫൈസൽ ഫരീദ് അവിടെ ജയിലിലാണ്. വിദേശത്തുള്ള എട്ടു പേർ ഉൾപ്പെടെ പ്രതികൾ നിയമവിരുദ്ധ പ്രവർത്തനത്തിന് വിചാരണ നേരിടണം. വിചാരണയ്‌ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സ്വർണക്കടത്തിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ യു.എ.പി.എ സെക്ഷൻ 16, 17, 18 എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. കുറ്റപത്രത്തിലാണ് സെക്ഷൻ 20 അധികമായി ചേർത്തത്.