ksi

കൊച്ചി: കേരളത്തിലെ ആഴക്കടൽ മൽസ്യബന്ധന മേഖലയിൽ വികസനത്തിന് വഴിതുറക്കുന്ന 2,950 കോടി രൂപയുടെ പദ്ധതിക്ക് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ( കെ.എസ്.ഐ.എൻ.സി ) അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി ഇന്റർനാഷണലും കൈകോർക്കുന്നു. കെ.എസ്‌.ഐ.എൻ.സി എം.ഡി എൻ. പ്രശാന്തും ഇ.എം.സി.സി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വർഗീസും ധാരണാപത്രത്തിൽ ഒപ്പിട്ടു. സർക്കാർ സംഘടിപ്പിച്ച 'അസൻഡ് 2020' നിക്ഷേപസമാഹരണ പരിപാടിയിൽ ഇ.എം.സി.സിയും സർക്കാരുമായി ഏർപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്.

ട്രോളർ നിർമ്മാണം, തുറമുഖ വികസനം

മത്സ്യബന്ധനത്തിന് 400 ട്രോളറുകൾ ഇ.എം.സി.സി കേരളത്തിൽ നിർമ്മിക്കും. അടിസ്ഥാനസൗകര്യങ്ങൾ കെ.എസ്‌.ഐ.എൻ.സി ഒരുക്കിക്കൊടുക്കും. വിദേശ ട്രോളറുകളാണ് ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത്.

രാജ്യാന്തര നിലവാരത്തിലുള്ള ഒരു ട്രോളർ നിർമ്മിക്കാൻ രണ്ടു കോടി രൂപ വേണ്ടിവരും. ഇവ മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യും. ഇത്രയും ട്രോളറുകൾക്ക് അടുക്കാൻ കേരളത്തിലെ ഹാർബറുകളിൽ മതിയായ സൗകര്യമില്ല. പുതിയ ഹാർബറുകൾ കെ.എസ്‌.ഐ.എൻ.സി വികസിപ്പിക്കും.

സംസ്കരിക്കാൻ യൂണിറ്റുകൾ

ആഴക്കടൽ മത്സ്യബന്ധനത്തിലൂടെ ശേഖരിക്കുന്ന മത്സ്യങ്ങൾ സംസ്കരിക്കാൻ ഇ.എം.സി.സി കേരളത്തിൽ യൂണിറ്റുകൾ തുറക്കും. ത്മസ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് ഇവിടെ പ്രഥമ പരിഗണന നൽകും. കേരളത്തിൽ തുറക്കുന്ന 200 വില്പനശാലകൾ വഴി സംസ്‌കരിച്ച മത്സ്യം വിറ്റഴിക്കുന്നതിനൊപ്പം കയറ്റുമതിയും നടത്തുമെന്ന് ഇ.എം.സി.സി പ്രസിഡന്റ് ഷിജു വർഗീസ് പറഞ്ഞു.പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 25,000 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എൻ. പ്രശാന്ത് പറഞ്ഞു. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആർ.ഐ) ഗവേഷണ ആവശ്യങ്ങൾക്ക് ഒരു ട്രോളർ സൗജന്യമായി നൽകും. പ്രകൃതിക്ക് കോട്ടം തട്ടാത്ത മത്സ്യബന്ധനമാണ് ലക്ഷ്യം. ഇതിലൂടെ വരുമാനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. തൊഴിലാളികൾക്കായി ആശുപത്രികളും മഅടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിനും വിഹിതം മാറ്റിവയ്ക്കും. കെ.എസ്.ഐ.എൻ.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വർക്ക് ഓർഡറാണിതെന്ന് പ്രശാന്ത് പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ടോം ജോസാണ് കെ.എസ്.ഐ.എൻ.സി ചെയർമാൻ.