കൊച്ചി: സ്വകാര്യവത്കരണത്തിനും കാർഷിക നിയമങ്ങൾക്കുമെതിരെ കെ.എസ്.ഇ.ബി യിലെ സംഘടനകൾ ഇന്ന് നടത്തുന്ന സമരത്തിൽ നിന്ന് വിട്ട് നിൽക്കാൻ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് പോരാളി എന്ന വാട്ട്സ്അപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിൽ ആഹ്വാനം. വിദ്യുച്ഛക്തി വകുപ്പിലെ വർക്കർ, ലൈൻമാൻ - 2 തസ്തികകളിലെ പങ്കാളിത്ത പെൻഷൻ ലഭിക്കുന്ന ജീവനക്കാരുടെ കൂട്ടായ്മയാണ് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് പോരാളി.
ഈ കൂട്ടായ്മയിൽ നാലായിരത്തോളം അംഗങ്ങളുണ്ട്.
തങ്ങളുടെ പ്രമോഷൻ കാര്യത്തിൽ ഹൈക്കോടതി പോലും അനുകൂല നിലപാട് സ്വീകരിച്ചിട്ട് അതിനായി ഒരു ഓർഡിനൻസ് കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്താൻ കഴിയാത്ത യൂണിയനുകൾക്ക് വേണ്ടി സമരം ചെയ്യാൻ തങ്ങളില്ലെന്നാണ് കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നത്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ഞങ്ങൾ സ്വകാര്യവത്കരണത്തിനെതിരെ സമരം ചെയ്യുന്നതിൽ അർത്ഥമില്ല. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളിൽ അംഗങ്ങളായ ജീവനക്കാരാണ് ഈ കൂട്ടായ്മയിലുള്ളത്. കൂട്ടായ്മയുടെെ ആഹ്വാനം ഏറ്റെടുത്ത് ആയിരക്കണക്കിന് ജീവനക്കാർ ഇന്ന് ജോലിക്കെത്തുമെന്ന് വർക്കേഴ്സ് പോരാളി കൂട്ടായ്മ വക്താക്കൾ പറഞ്ഞു.