1

പള്ളുരുത്തി: ഇരു വൃക്കകളും തകരാറിലായ പള്ളുരുത്തിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ അലിയുടെ ചികിത്സാ ഫണ്ടിലേക്കുള്ള പണത്തിനു വേണ്ടിയായിരുന്നു ഖാലിദിന്റെ ഇന്നലത്തെ ചായക്കട കച്ചവടം.നമ്പ്യാപുരം ജംഗ്ഷനിൽ ചായക്കട നടത്തുകയാണ് ഖാലിദ്. ഇന്നലെ കടക്ക് മുൻവശം ഒരു ബക്കറ്റ് സ്ഥാപിച്ചു. സമീപം അലിയുടെ വലിയ ഫ്ളക്സ് ബോർഡും. ഭക്ഷണം കഴിച്ച് മടങ്ങുന്നവർ പണം ബക്കറ്റിൽ നിക്ഷേപിച്ചു. സൻമനസുള്ളവർ അധികം പണം നൽകി. പുലർച്ചെ തുടങ്ങിയ കച്ചവടം വൈകിട്ട് വരെ തുടർന്നു.കിട്ടിയ മുഴുവൻ തുകയും ഖാലിദ് ചികിത്സാ നിധിയിലേക്ക് നൽകി. ജോലിക്കാർ കൂലി വാങ്ങാതെ ജോലി എടുത്തു. പ്രളയ സമയത്തും ഒരു ദിവസത്തെ കളക്ഷൻ ഖാലിദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.രണ്ട് വൃക്കകളും തകരാറിലായ അലി എറണാകുളം ലിസി ആശുപത്രിയിൽ ഐ.സിയുവിൽ ചികിത്സയിലാണ്. മക്കൾ അടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്. ആഴ്ചയിൽ രണ്ട് ഡയാലിസ് ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. മൂന്ന് ഡയാലിസിസ് ഇതിനോടകം ചെയ്തു കഴിഞ്ഞു.ലക്ഷങ്ങൾ ചെലവായ കുടുംബം തീരാ ദുരിതത്തിലാണ്.