ആലുവ: പുതുതായി നിർമ്മിച്ച ആലുവ പൊലീസ് സ്‌റ്റേഷനും റൂറൽ പൊലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ റൂമും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായിട്ടായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയത്. രണ്ട് സ്ഥലത്തും പ്രത്യേകം പരിപാടി സംഘടിപ്പിച്ചു.
നിത്യവും ഒട്ടേറെപേർ എത്തുന്ന സ്ഥലമാണ് പൊലീസ് സ്‌റ്റേഷനുകൾ. ഇതിന് വൃത്തിയും മനോഹാരിതയും ഉണ്ടാകണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കമാൻഡ് ആൻഡ് കൺട്രോൾ റൂം സ്ഥാപിച്ചത് വഴി എറണാകുളം റൂറൽ പൊലീസ് ജില്ലയിൽ നിരീക്ഷണങ്ങൾ കർശനമാക്കാൻ സാധിക്കും. 64 കാമറകളിലെ ദൃശ്യങ്ങൾ ഒരേ സമയം നിരീക്ഷിക്കാനും കൺട്രോൾ റൂം വാഹനങ്ങളുടെ നിയന്ത്രണവും ഇവിടെ നിന്ന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2.52 കോടി രൂപ ചെലവിട്ടാണ് 9850 ചതുരശ്രയടിയിൽ ആധുനികരീതിയിലുള്ള പുതിയ മൂന്നുനില കെട്ടിടമാണ് പൊലീസ് സ്‌റ്റേഷന് വേണ്ടി നിർമിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, എ.ഡി.ജി.പി. വിജയ് സാക്കറെ, ഹെഡ് ക്വാർട്ടേഴ്‌സ് ഡി.ഐ.ജി. എസ്. ശ്യാംസുന്ദർ എന്നിവർ ഓൺലൈനായി സംസാരിച്ചു. അൻവർസാദത്ത് എം.എൽ.എ ആലുവ പൊലീസ് സ്‌റ്റേഷന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. റൂറൽ എസ്.പി. കെ. കാർത്തിക്, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, കൗൺസിലർ സാനിയ തോമസ്, എ.ഡി.എസ്.പി. ഇ.എൻ. സുരേഷ്, ഡി.വൈ.എസ്.പി മധുബാബു, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ, കെ.പി.എ ജില്ലാ സെക്രട്ടറി എം.വി. സനിൽ, പ്രസിഡന്റ് എം.എം. അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കൺട്രോൾ റൂം കെട്ടിടത്തിന്റെ ശിലാഫലകത്തിന്റെ അനാച്ഛാദനം എറണാകുളം റേഞ്ച് ഡി.ഐ.ജി. കാളിരാജ് മഹേഷ് കുമാർ നിർവഹിച്ചു. ഡി.വൈ.എസ്.പി.മാരായ ആർ. റാഫി, പി. റെജി എബ്രഹാം, എസ്.എച്ച്.ഒ. കെ.ടി.എം. മുഹമ്മദ് കബീർ എന്നിവർ പങ്കെടുത്തു.