കൊച്ചി: മയക്കുമരുന്നുമായി അന്യസംസ്ഥാന തൊഴിലാളിയടക്കം രണ്ടുപേർ എക്‌സൈസ് പിടിയിലായി. കാക്കനാട് ചിറ്റേത്തുകരയിൽ നിന്ന് രണ്ടു ഗ്രാം ബ്രൗൺ ഷുഗറും 12 ഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബാപ്പി മണ്ഡലിനെയും (23) 250 ഗ്രാം കഞ്ചാവ് വില്പനയ്ക്കായി സൂക്ഷിച്ചതിന് എറണാകുളം നോർത്തിൽ നിന്ന് പൊന്നാനി പെരുമ്പടപ്പ് പുതുയിരുത്തി വൈദ്യരകത്ത് വീട്ടിൽ നൗഷാദിനെയും അറസ്റ്റുചെയ്തു. എറണാകുളം എക്‌സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
നൗഷാദിനെ രണ്ടുമാസം മുമ്പ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഒന്നരകിലോ കഞ്ചാവുമായി അറസ്റ്റുചെയ്തിരുന്നു. 35 ദിവസം ജയിലിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും പിടിയിലായത്. ബാപ്പി മണ്ഡൽ പകൽ സമയത്ത് കെട്ടിട നിർമ്മാണത്തിലേർപ്പെടുകയും ജോലികഴിഞ്ഞ് ആവശ്യക്കാർക്ക് ബ്രൗൺഷുഗർ വില്പന നടത്തുകയുമായിരുന്നു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. അൻവർ സാദത്തിനെ കൂടാതെ ഇൻസ്‌പെക്ടർ റോബിൻ ബാബു, പ്രീവന്റീവ് ഓഫീസർ രാംപ്രസാദ്, അജയഭാനു, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, റെനി, ദീപു തോമസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.