
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കാസർകോട്ടെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ) സംസ്ഥാന സർക്കാരിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി.
കൈമാറ്റവുമായി ബന്ധപ്പെട്ട് മൂന്നുമാസത്തിനകം അന്തിമതീരുമാനമെടുക്കാൻ കഴിഞ്ഞ ഒക്ടോബർ 13ന് ഉത്തരവിട്ടെങ്കിലും കേന്ദ്രം നടപടിയെടുത്തില്ലെന്ന് ഭെൽ ഇ.എം.എൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്റഫാണ് ഹർജി നൽകിയത്. ഭെൽ ഇ.എം.എൽ കമ്പനി പത്തുമാസമായി അടഞ്ഞുകിടക്കുകയാണെന്നും രണ്ടുവർഷമായി ജീവനക്കാർക്ക് ശമ്പളം കിട്ടുന്നില്ലെന്നും കോടതിയലക്ഷ്യ ഹർജിയിൽ പറയുന്നു.