hc

കൊച്ചി: കോളേജ് അദ്ധ്യാപകരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച ഉത്തരവ് പാലിക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. മൂന്ന് മാസത്തിനകം തങ്ങൾ നൽകിയ നിവേദനത്തിൽ തീരുമാനമെടുക്കണമെന്ന സെപ്തംബർ 18ലെ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷനാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.
2016ൽ നിലവിൽ വരേണ്ട ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കാൻ നിർദേശിക്കണമെന്ന ഹർജിയിലാണ് നേരത്തെ കോടതി ഉത്തരവുണ്ടായത്. സമയപരിധി കഴിഞ്ഞിട്ടും നടപ്പാക്കിയില്ലെന്ന് ഹർജിയിൽ പറയുന്നു. സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.