
 സ്റ്റാർ ക്ളാസിഫിക്കേഷൻ പരിശോധന റദ്ദാക്കി
കൊച്ചി: ബാർ ലൈസൻസിന് സ്റ്റാർ പദവി കാത്തിരുന്ന സംസ്ഥാനത്തെ 130ൽപരം ഹോട്ടലുകൾ വൻ പ്രതിസന്ധിയിൽ. ഒരു വർഷത്തിലേറെയായ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ച തുടങ്ങിയ ക്ളാസിഫിക്കേഷൻ പരിശോധന കേന്ദ്ര ടൂറിസം മന്ത്രാലയം റദ്ദാക്കി.
ജനുവരി 30ന് ആലുവയിലെ പുതിയ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെ പശ്ചിമ മേഖലാ ഡയറക്ടർ ഡി. വെങ്കടേശ്വരന്റെ നേതൃത്വത്തിലുള്ള സംഘം അന്ന് തന്നെ ഡൽഹിക്ക് മടങ്ങി.
കഴിഞ്ഞ നവംബറിൽ പരിശോധനയ്ക്കെത്തിയ ചെന്നൈയിലെ അസിസ്‌റ്റന്റ് ഡയറക്ടർ എസ്. രാമകൃഷ്ണനെ ഏഴ് ലക്ഷം രൂപയുമായി സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. കൺസൾട്ടന്റിന്റെ പക്കൽ നിന്ന് 30 ലക്ഷം രൂപയും പിടിച്ചു. അന്ന് നിലച്ച പരിശോധന കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്.
ഒരു ബി.ജെ.പി നേതാവിന്റെ ഇടപെടലാണ് ക്ളാസിഫിക്കേഷൻ പരിശോധന റദ്ദാക്കാൻ കാരണമെന്നാണ് സൂചന. അഴിമതിക്ക് വഴിവയ്ക്കുന്ന ക്ളാസിഫിക്കേഷൻ രീതി പരിഷ്കരിക്കാനാണ് കേന്ദ്ര നീക്കം. ഇതിനായി പുതിയ വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്നും അറിയുന്നു.
പ്രതിസന്ധിയിൽ മുങ്ങി
ഹോട്ടൽ വ്യവസായം
കോടികൾ മുടക്കി പുതുതായി നിർമ്മിച്ചവയും റീക്ലാസിഫിക്കേഷനായി വലിയ ചെലവിൽ നവീകരിച്ചവയുമാണ് നക്ഷത്ര പദവിക്കായി കാത്തിരുന്ന 130 ഓളം ഹോട്ടലുകൾ. വായ്പകളുടെ തിരിച്ചടവ് മുടങ്ങി ജപ്തിയുടെയും ആത്മഹത്യയുടെയും വക്കിലാണ് പലരും.
കേന്ദ്ര ടൂറിസം വകുപ്പാണ് സ്റ്റാർ പദവി നൽകുന്നത്. ത്രീ, ഫോർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കേ സംസ്ഥാനത്ത് ബാർ ലൈസൻസിന് അപേക്ഷിക്കാനാവൂ. അഞ്ച് വർഷം കൂടുമ്പോൾ പുതുക്കുകയും വേണം.
''ടൂറിസം മന്ത്രാലത്തിന്റെ ഉത്തരവ് പ്രകാരമാണ് ക്ളാസിഫിക്കേഷൻ പരിശോധന നിറുത്തിവച്ചത്. മറ്റ് കാര്യങ്ങളൊന്നും അറിയില്ല. തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രാലയമാണ്""
ഡി.വെങ്കിടേശ്വരൻ,
പശ്ചിമ മേഖലാ ഡയറക്ടർ,
ഇന്ത്യാ ടൂറിസം
''2013 മുതൽ കേരളത്തിലെ ബാർ ഹോട്ടൽ വ്യവസായം വൻ പ്രതിസന്ധിയിലാണ്. കിടപ്പാടം പണയം വച്ചാണ് നക്ഷത്ര പദവിക്കായി പലരും ഹോട്ടലുകൾ നവീകരിച്ചതും മാറ്റി സ്ഥാപിച്ചതും. ഉദ്യോഗസ്ഥതലത്തിലെ പ്രശ്നങ്ങളാണ് ക്ളാസിഫിക്കേഷൻ റദ്ദാക്കാൻ കാരണമെന്ന് അറിയുന്നു""
സ്ക്വാഡ്രൺ ലീഡർ കെ.ബി.പത്മദാസ്,
ജനറൽ സെക്രട്ടറി,
ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷൻ