calcutta

ഒരച്ഛന് മകനുമേൽ എത്രത്തോളം അവകാശമുണ്ട് ? എത്രയോ കാലങ്ങളായി കോടതികളിൽ തീർപ്പുണ്ടാക്കിയ ചോദ്യമാണിത്. കഴിഞ്ഞ മാസം കൊൽക്കത്ത ഹൈക്കോടതിയിൽ ഇൗ അവകാശത്തെ പുന:നിർവചിക്കുന്ന വേറിട്ടൊരു കേസ് പരിഗണനയ്ക്കു വന്നു. കൊൽക്കത്ത സ്വദേശിയായ അശോക് ചാറ്റർജിയായിരുന്നു ഹർജി നൽകിയത്. തലസീമിയ ( രക്തത്തിൽ ഹീമോഗ്ളോബിന്റെ അളവ് നിയന്ത്രണാതീതമായി വർദ്ധിക്കുന്ന രോഗം) ബാധിച്ചു മരിച്ച മകന്റെ ബീജത്തിനു വേണ്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. മരണത്തിന് മുമ്പ് മകൻ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ തന്റെ ബീജം സംരക്ഷിക്കാൻ ഏൽപിച്ചിരുന്നു. വിവാഹിതനായ മകൻ പിന്നീട് രോഗം ബാധിച്ചു മരിച്ചതോടെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ബീജത്തിൽ നിന്ന് ഒരു ചെറുമകനെ സൃഷ്ടിച്ചെടുക്കുകയെന്നതായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഇതിനായി ആശുപത്രി അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും അവർ നിഷേധിച്ചു. വിവാഹിതനായ മകന്റെ ഭാര്യയ്ക്കു വേണ്ടിയാണ് ബീജം സൂക്ഷിക്കാനേൽപിച്ചതെന്നും ഇതു മറ്റാർക്കെങ്കിലും നൽകണമെങ്കിൽ ഭാര്യയുടെ സമ്മതപത്രം വേണമെന്നും ആശുപത്രി അധികൃതർ മറുപടി നൽകി. തുടർന്ന് ഹർജിക്കാരൻ മകന്റെ ഭാര്യയോട് ഇതിനായി സമ്മതപത്രം ആവശ്യപ്പെട്ടെങ്കിലും അവർ ഇതിനോടു പ്രതികരിച്ചില്ലെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഡൽഹി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയശേഷം മകൻ പശ്ചിമ ബംഗാളിലെ ഒരു കോളേജിൽ അദ്ധ്യാപകനായി ചേർന്നു. ഇവിടെ ജോലി ചെയ്യുമ്പോഴായിരുന്നു വിവാഹം. രോഗബാധയെത്തുടർന്ന് ചികിത്സ തുടങ്ങുന്നതിന് മുമ്പാണ് ബീജം സംരക്ഷിക്കാൻ ആശുപത്രിയിൽ ഏൽപിച്ചത്. മകന്റെ മരണത്തോടെ സന്തതി പരമ്പരകൾക്ക് സാദ്ധ്യതയില്ലാതായെന്നും ബീജം നശിപ്പിക്കപ്പെട്ടാൽ തന്റെ കുലം തന്നെ നശിച്ചുപോകുമെന്നും ചൂണ്ടിക്കാട്ടിയാണ് അശോക് ചാറ്റർജി ഹൈക്കോടതിയെ സമീപിച്ചത്.

മകന്റെ ബീജം മൗലികാവകാശമോ ?

ആശുപത്രി അധികൃതരും മകന്റെ ഭാര്യയും ആവശ്യം നിരസിച്ചതോടെയാണ് അശോക് ചാറ്റർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെയടിസ്ഥാനത്തിൽ മകന്റെ ബീജത്തിന് തനിക്ക് അവകാശമുണ്ടെന്നും ഇതു മൗലികാവകാശമായി കണക്കാക്കണമെന്നും ഹർജിക്കാരൻ വാദിച്ചു. ബീജം വിട്ടുകിട്ടാൻ മകന്റെ ഭാര്യയുടെ അനുമതി പത്രം വേണമെന്ന് ആശുപത്രി അധികൃതർ നിർബന്ധിക്കുന്ന സാഹചര്യത്തിൽ സമ്മത പത്രം നൽകാൻ മരുമകൾക്ക് കോടതി നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജി പരിഗണിച്ച ജസ്റ്റിസ് സവ്യസാചി ഭട്ടാചാര്യ ഇൗ വാദങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു. അച്ഛനും മകനുമെന്ന ബന്ധത്തിന്റെ പേരിൽ മാത്രം മകന്റെ സന്തതിപരമ്പരകളിൽ അച്ഛന് അനിയന്ത്രിതമായ അവകാശമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു മൗലികാവകാശം അച്ഛന് അവകാശപ്പെടാൻ കഴിയില്ല. ഈ കേസിൽ പുരുഷബീജത്തിന് ആർക്കെങ്കിലും അവകാശമുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ഭാര്യയ്ക്കു മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹത്തിനു ശേഷമാണ് മകൻ തന്റെ ബീജം ആശുപത്രിയിൽ സംരക്ഷിക്കാൻ ഏൽപിച്ചത്. ബീജത്തിന് ഇനിയുള്ള അവകാശി ഭാര്യ മാത്രമാണ്. അച്ഛനെന്ന നിലയിൽ മകന്റെ ബീജത്തിനും തനിക്ക് അവകാശമുണ്ടെന്ന പിതാവിന്റെ തോന്നൽ വെറും മായികമായ തോന്നലാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മകന്റെ ബീജം വിട്ടുകിട്ടുന്നതിന് അനുമതി പത്രം നൽകാൻ മരുമകളോടു നിർദ്ദേശിക്കണെമന്ന ഹർജിക്കാരന്റെ ആവശ്യവും ഹൈക്കോടതി തള്ളി. ഒരു ഹർജിയിലൂടെ നിർദ്ദേശിക്കാൻ കഴിയുന്ന കാര്യമല്ലെന്നും ഇക്കാര്യം റിട്ട് കോടതിയുടെ അധികാര പരിധിക്കു പുറത്തുള്ള വിഷയമാണെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.