krishnan

കളമശേരി: ചിത്രം വരയ്ക്കാൻ അറിയില്ല. കവിത വായിക്കുമെന്നതല്ലാതെ ഇതുവരെ എഴുതിയിട്ടില്ല. എങ്കിലും ഏലൂർ സ്വദേശി കൃഷ്ണൻ മനോഹരമായ ഒരു ചിത്രം വരച്ചു. അതിൽ ഹൃദയത്തിൽ നിന്ന് ഒരു കവിത എഴുതി. തന്റെ ആയുസ് നീട്ടി നൽകിയ കാൻസർ രോഗവിദഗ്ദ്ധൻ ഡോ.വി.പി ഗംഗാധരന് സമ്മാനിക്കാനായിരുന്നു കലയുടെയും കവിതയുടേയും ലോകത്തേക്ക് കൃഷ്ണൻ പിച്ചവെച്ചത്. ചിത്രം ഫ്രെയിം ചെയ്ത് വി.പി ഗംഗാദരന് കൈമാറിയപ്പോൾ തൊണ്ടയിൽ പിടിത്തമിട്ട കാൻസറിൽ നിന്ന് മോചിതനായതിനുമേറെ സന്തോഷം. അത് കണ്ണീർ ചാലുകളായി കൃഷ്ണന്റെ മുഖത്തിലൂടെ ഊർന്നിറങ്ങി.

2008ലാണ് കൃഷ്ണൻ കാൻസർ ബാധിതതായത്. അന്ന് തിരുവനന്തപുരം ഹിന്ദുസ്ഥാൻ ലാറ്റക്സിൽ തൊഴിലാളിയായിരുന്നു. തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെടുകയും ശബ്ദം പുറത്തേക്ക് വരാത്ത അവസ്ഥയായിരുന്നു തുടക്കം. നാട്ടിലേക്ക് വണ്ടി കയറിയ കൃഷ്ണൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾ നടത്തി. കാൻസർ സ്ഥിരീകരിച്ചയുടൻ ചികിത്സ ഡോ.വി.പി ഗംഗാധരന്റെ കീഴിലായി. നാല് മാസത്തെ വിദഗ്ദ്ധ ചികിത്സ. കീമോ. പിന്നെ ഗംഗാദധനിൽ നിന്നും ലഭിച്ച ആത്മവിശ്വാസം. ഒടുവിൽ കാൻസറിനെ തോൽപ്പിച്ച് കൃഷ്ണൻ ജീവിത്തതിലേക്ക്. നാല് മാസത്തിനിടെ കൃഷ്ണനും വി.പി ഗംഗാധരനും അടുത്ത സുഹൃത്തുക്കളായി മാറിയെന്നത് മറ്റൊരു കാര്യം.

വീട്ടിലെത്തിയ കൃഷ്ണന്റെ ചിന്തയെല്ലാം ഡോക്ടർക്ക് ഒരു സമ്മാനം നൽകുന്നതിനെക്കുറിച്ചായിരുന്നു. ബാലപാഠങ്ങൾ പഠിച്ചെടുത്തു. ദിവസങ്ങളോമെടുത്താണ് ചിത്രവും കവിതയും പൂർത്തിയാക്കിയത്. കൃഷ്ണൻ പറഞ്ഞു. അദ്ദേഹം എനിക്ക് ദൈവമാണ്. അടുത്ത ബന്ധുവിനെ പോലെയും. എന്റെ വീട്ട് സന്ദ‌ർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയും ചികിത്സയും ജീവിതം മാറ്റിമറിച്ചു. കൃഷ്ണന്റെ വാക്കുകളിൽ കാൻസറിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം നിറഞ്ഞു നിന്നു. ഹിന്ദുസ്ഥാൻ ലാറ്റക്സിൽ നിന്ന് വിരമിച്ച കൃഷ്ണൻ മുപ്പത്തടം മനയ്ക്കപടിയിൽ സ്റ്റേഷനറി കട നടത്തുകയാണ്. കാൻസർ രോഗികൾക്ക് എന്ത് സഹായത്തിനും മുന്നിലുണ്ട് കൃഷ്ണൻ.