
തൃപ്പൂണിത്തുറ: ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെട്ടും ഇവ പരിഹരിച്ചും സജീവമായ ഒരു പൊതുപ്രവർത്തക. ഈ മഹാമരിക്കാലത്തും ഇതെങ്ങിനെ എന്ന് ചോദിച്ചാൽ, പെരുമ്പളം മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.പി ഷേർളിക്ക് ഒരു മറുപടിയേയുള്ളൂ. കാൻസറിന് മുന്നിൽ മുട്ടുകുത്തിയില്ല, ആ ദൈര്യവും ആത്മവിശ്വാസവുമാണ് ഈ ജനകീയ ഇടപെടലിന് കരുത്ത് നൽകുന്നത്.
ബ്ലോക്ക് പഞ്ചായഗത്ത് അംഗമായിരിക്കെയാണ് വി.പി ഷേർളിക്ക് രോഗം പിടിപെടുന്നത്. മാറിടത്തിലെ കാൻസർ തിരിച്ചറിഞ്ഞപ്പോഴേക്കും മൂന്നാം ഘട്ടത്തിൽ എത്തിയിരുന്നു. ആർ.സി.സിയിൽ ചികിത്സ തേടി. ആറ് കീമോയും 30 ഓളം റേഡിയേഷനും വിധേയയായി. കീമോ കഴിഞ്ഞതോടെ മുടിയും പുരികവും ഇല്ലാതായി. ആളുകൾ മൂക്കത്ത് വിരൽ വയ്ക്കുന്ന അവസ്ഥയിലെത്തി. എന്നാൽ ഇതൊന്നും എന്നെ ബാധിച്ചില്ല. സധൈര്യം മുന്നോട്ട് നീങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഷേർളി പറയുന്നു.
പെരുമ്പളം നിവാസികളുടെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിദ്ധ്യമാണ് ഈ 46 കാരി. കാൻസർ പോലുള്ള രോഗം വന്നാൽ തളരാതെ മുന്നോട്ടു നീങ്ങണമെന്നും ആരോഗ്യരംഗത്ത് ആധുനിക ചികിത്സാ മികവാർന്നതാണെന്നും ഷേർളി പങ്കുവച്ചു.