bank

കൊച്ചി: പതിനെട്ടു വയസിനു താഴെയുള്ള കുട്ടികൾക്ക് ഫെഡറൽ ബാങ്ക് പ്രത്യേക സേവിംഗ്സ് ബാങ്ക് അക്കൗണ്ടായ ഫെഡ്ഫസ്റ്റ് അവതരിപ്പിച്ചു. ആരോഗ്യകരമായ സമ്പാദ്യം, ചെലവഴിക്കൽ ശീലങ്ങൾ വികസിപ്പിച്ചെടുക്കാനും വരുമാനം നേടാനുമുള്ള സ്വാതന്ത്ര്യം നൽകുന്നതാണ് അക്കൗണ്ട്.
പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം കുട്ടികളെ പരിശീലിപ്പിക്കുന്ന രീതിയിലാണ് അക്കൗണ്ട് രൂപകല്പന ചെയ്തതെന്ന് ഫെഡറൽ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഒ.ഒയും റീട്ടെയിൽ വിഭാഗം ബിസിനസ് മേധാവിയുമായ ശാലിനി വാര്യർ പറഞ്ഞു. പ്രതിദിനം 2,500 രൂപയുടെ പണം പിൻവലിക്കൽ പരിധിയും പി.ഒ.എസ്, ഇ കൊമേഴ്‌സ് എന്നിവയ്ക്ക് 10,000 രൂപയുടെ പരിധിയുമുള്ള കോൺടാക്ട്‌ലെസ് ഡെബിറ്റ് കാർഡ് അക്കൗണ്ടിനോടൊപ്പം നൽകും. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ അലർട്ട്, ഇ മെയിൽ അലർട്ട് തുടങ്ങിയ സൗജന്യ ഓൺലൈൻ സൗകര്യങ്ങളും നൽകും. റിവാർഡ് പോയിന്റുകൾ, കാഷ്ബാക്ക്, പ്രോത്സാഹന ആനുകൂല്യങ്ങൾ, ഭക്ഷണം, ഹോട്ടൽ താമസം, ബിൽ അടക്കൽ എന്നിവയ്ക്കുള്ള ആനുകൂല്യങ്ങളും ലഭിക്കും.
സാമ്പത്തികാസൂത്രണം ശീലിക്കാനും സഹായിക്കും. 18 വയസിനു താഴെയുള്ളവരെ സമ്പാദിക്കുന്നതിനു തുടക്കം കുറിക്കാൻ പര്യാപ്തരാക്കുകകയും ഉന്നതവിദ്യാഭ്യാസം, സംരംഭകത്വലക്ഷ്യങ്ങൾ എന്നിവ മുന്നിൽക്കാണാൻ സഹായിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി ശാലിനി വാര്യർ പറഞ്ഞു.