sivasankar
f

ഡോളർ കടത്ത് കേസിലും ജാമ്യം

കൊച്ചി : വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും ജാമ്യം ലഭിച്ചതോടെ 98 ദിവസത്തെ ജയിൽ വാസത്തിനു ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇന്നലെ ജയിൽ മോചിതനായി. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥചെയ്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ്, ഇ.ഡി കേസുകളിൽ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കാക്കനാട്ടെ ജില്ലാ ജയിലിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ പുറത്തിറങ്ങിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ തിരുവനന്തപുരത്തേക്ക് പോയി. തോളിൽ ബാഗും രണ്ട് കൈകളിലും പുസ്തകങ്ങളുമായി പുറത്തിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാൻ ബന്ധുക്കൾ എത്തിയിരുന്നു.

യു.എ.ഇ കോൺസുലേറ്റിലെ മുൻ ധനകാര്യവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി 2019 ആഗസ്റ്റിൽ 1.90 കോടി ഡോളർ കടത്തിയ കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. സ്വർണക്കടത്തിന് അറസ്റ്റിലായ പി.എസ്. സരിത്ത്, സ്വപ്‌ന എന്നിവരുടെ മൊഴികളിൽ നിന്നാണ് ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് വ്യക്തമായത്. ജനുവരി 20നാണ് ഈ കേസിൽ അറസ്റ്റ് ചെയ്തത്.