pm-kissan-nidhi

കോലഞ്ചേരി: ചെറുകിട കൃഷിക്കാർക്കുള്ള പ്രധാനമന്ത്റിയുടെ ധനസഹായം പി.എം കിസാൻ സമ്മാൻ നിധി അനധികൃതമായി വാങ്ങിയവർക്കെതിരെ സംസ്ഥാന കൃഷിവകുപ്പ് നടപടി ആരംഭിച്ചു. പണം കൈപ്പറ്റിയ അനർഹർ

തിരിച്ചടക്കാതിരുന്നാൽ വെട്ടിലാകും. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും അതുവഴി കാർഷിക മേഖലയിൽ കൂടുതൽ മുതൽ മുടക്കിന് കർഷകരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് കിസാൻ സമ്മാൻ നിധി നടപ്പാക്കിയത്. എന്നാൽ സംസ്ഥാനത്ത് വലിയ തുക ആദായനികുതി നൽകുന്നവരും പി.എം കിസാൻ സമ്മാൻ നിധി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ആനുകൂല്യത്തിന് അർഹതയില്ലാത്ത 15,163 പേർ വാങ്ങിയ മുഴുവൻ പണവും ഈടാക്കാനാണ് നടപടി തുടങ്ങിയത്. കൂടുതൽ പേർ ധനസഹായം കൈപ്പ​റ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.അനധികൃതമായി സഹായധനം കൈപ്പ​റ്റിയവരുടെ പട്ടിക കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. പദ്ധതി ഗുണഭോക്താക്കളുടെ മുഴുവൻ അടിസ്ഥാന വിവരങ്ങളും ശേഖരിക്കാൻ കേന്ദ്ര സർക്കാർ പരിശോധനയും തുടങ്ങി.

സംസ്ഥാനത്ത് 36.7 ലക്ഷം അപേക്ഷകർ

പി.എം കിസാൻ പദ്ധതിയനുസരിച്ച് രണ്ട് ഹെക്ടർവരെ കൃഷിഭൂമിയുള്ള ചെറുകിട, ഇടത്തരം കർഷകർക്ക് വർഷത്തിൽ 6000 രൂപ അക്കൗണ്ടിൽ ലഭിക്കും. 2000 രൂപവീതം 3 ഗഡുക്കളായാണ് തുക നിക്ഷേപിക്കുന്നത്. ഏ​റ്റവും ഒടുവിലത്തെ കണക്കനുസരിച്ച് സംസ്ഥാനത്തുനിന്ന് 36.7 ലക്ഷം അപേക്ഷകരാണുള്ളത്. അനധികൃതമായി പണം കൈപ്പ​റ്റിയവർ തിരിച്ചടയ്ക്കാതിരുന്നാൽ റവന്യൂ റിക്കവറി വഴി നടപടി സ്വീകരിക്കാനാണ് നിർദേശം. പണം തിരിച്ചുപിടിക്കാൻ കൃഷി ഡയറക്ടറുടെ പേരിൽ തിരുവനന്തപുരം വികാസ് ഭവൻ എസ്.ബി. ഐ ബ്രാഞ്ചിൽ പ്രത്യേക അക്കൗണ്ടും തുറന്നിട്ടുണ്ട്.

ജില്ലയിൽ അനധികൃതമായി പണം കൈപ്പറ്റിയത് 2079 പേർ

ജില്ലയിൽ 2079 പേർ അനധികൃതമായി പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവർക്ക് അതാത് കൃഷി ഭവനുകൾ വഴി നോട്ടീസ് അയച്ചു തുടങ്ങി. നോട്ടീസ് ലഭിച്ച് 7 ദിവസത്തിനകം വിശദീകരണവും 15 ദിവസത്തിനുള്ളിൽ തുക തിരിച്ചടയ്ക്കണമെന്നുമാണ് കൃഷി വകുപ്പ് നല്കുന്ന നോട്ടീസിൽ പറയുന്നത്.