
കൊച്ചി: സ്തനാർബുദം പോലെ സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന അർബുദത്തിൽ രണ്ടാം സ്ഥാനത്താണ് ഗർഭാശയഗള കാൻസർ. ഇക്കുറി ലോക കാൻസർ ദിനത്തിൽ സ്ത്രീകളിലെ കാൻസർ രോഗമാണ് പ്രധാന വിഷയം. ഏതു സ്ത്രീക്കും അർബുദരോഗം വരാൻ സാദ്ധ്യതയുണ്ട്. പ്രായമേറുന്തോറും അർബുദസാദ്ധ്യതയും വർദ്ധിക്കും. ഗർഭാശയഗള കാൻസറിനെ കുറിച്ചുള്ള അവബോധം രോഗപ്രതിരോധത്തിനും നേരത്തെ കണ്ടുപിടിക്കുന്നതിനും സഹായകമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
5.7 ലക്ഷം സ്ത്രീകൾക്ക് ഗർഭാശയഗള കാൻസർ
2018 ൽ ഇന്ത്യയിൽ 97,000 സ്ത്രീകൾക്ക് ഗർഭാശയഗള കാൻസർ അർബുദം കണ്ടെത്തി. ലോകത്തിലെ ഗർഭാശയഗള കാൻസർ രോഗികളുടെ 20 ശതമാനം ഇന്ത്യയിലാണ്. പ്രതിവർഷം 60,000 സ്ത്രീകൾ രോഗം മൂലം മരിക്കുന്നു.
ഗർഭാശയഗള കാൻസർ ( സർവിക്കൽ കാൻസർ)
ഗർഭാശയത്തിന്റെ ഏറ്റവും താഴത്തെ ഇടുങ്ങിയ ഭാഗമാണ് ഗർഭാശയഗളം. പലതരത്തിലുള്ള കോശങ്ങൾ ഈ ഭാഗത്തുണ്ട്. 85 ശതമാനം ഗർഭാശയഗള കാൻസറുകളും ഇവിടെയാണ് ബാധിക്കുന്നത്. ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് പ്രധാന കാരണം. ലൈംഗിക ശുചിത്വമില്ലായ്മ, ചെറുപ്പത്തിലെ തുടങ്ങുന്ന ലൈംഗികബന്ധം, പുകവലി, തുടരെയുള്ള പ്രസവങ്ങൾ, കൂടുതൽ പേരുമായി ലൈംഗികബന്ധം, എച്ച്.ഐ.വി അണുബാധ തുടങ്ങിയ ഘടകങ്ങൾ സർവിക്കൽ കാൻസറിന് സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
ലക്ഷണങ്ങൾ
ലൈംഗിക ബന്ധത്തിനുശേഷം രക്തസ്രാവം
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന
പീരിയഡുകൾക്കിടയിൽ രക്തസ്രാവം
അമിത ദ്രവസ്രവങ്ങൾ
അരക്കെട്ടിൽ വേദന, ശരീരക്ഷീണം, വിളർച്ച
ഭയപ്പെടേണ്ട, പരിശോധിക്കണം
ഒട്ടും ഭയക്കേണ്ട ആവശ്യമില്ല. രോഗം വരുവാനുള്ള സാദ്ധ്യതകളിൽ നിന്നും മാറിനിൽക്കുക. രോഗപ്രതിരോധത്തിനുള്ള വാക്‌സിനേഷൻ എടുക്കുക. നേരത്തെ കണ്ടുപിടിക്കാൻ പരിശോധനകൾ, രോഗം വന്നാൽ കൃത്യമായ ശാസ്ത്രീയചികിത്സ കൃത്യസമയത്ത് എടുക്കുക തുടങ്ങിയവ പിന്തുടർന്നാൽ രോഗം സ്ത്രീകളുടെ ആരോഗ്യത്തിന് ഭീഷണിയാകില്ല.
ഡോ.സി.എൻ. മോഹനൻ നായർ
കാൻസർ വിദഗ്ദ്ധൻ
സ്പെഷലിസ്റ്റ്സ് ആശുപത്രി