
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനിയുടെ (കെൽ) മാമലയിലെ പവർ ട്രാൻസ്‌ഫോർമർ നിർമാണ യൂണിറ്റ് ഈമാസം 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവാങ്കുളം മാമല യൂണിറ്റിൽ വ്യവസായമന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. വൈദ്യുതി മന്ത്രി എം.എം. മണി മുഖ്യാതിത്ഥിയായിരിക്കും. വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
സംസ്ഥാന സർക്കാർ അനുവദിച്ച 12.5 കോടി രൂപയ്ക്കാണ് പവർ ട്രാൻസ്‌ഫോർമർ നിർമാണ പ്ലാന്റ് സ്ഥാപിച്ചത്. 10 മെഗാവോൾട്ട് ആമ്പിയേഴ്സ് (എം.വി.എ) ശേഷിയുള്ള ട്രാൻസ്‌ഫോർമറുകൾ നിർമിക്കാനാകുന്നത് കെല്ലിന്റെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് മാനേജിംഗ് ഡയറക്ടർ കേണൽ ഷാജി എം. വർഗീസ് പറഞ്ഞു. പവർ ട്രാൻസ്‌ഫോർമറുകളുടെ പരീക്ഷണ നിർമാണം പ്ലാന്റിൽ വിജയകരമായി നടന്നു. പ്രതിവർഷം 1500 എം.വി.എയാണ് പ്ലാന്റിന്റെ നിർമാണശേഷി. മാമലയിലെ പ്ലാന്റിൽ നിന്നും വിറ്റുവരവിൽ 47 കോടി രൂപയുടെയും അറ്റാദായത്തിൽ 2.53 കോടി രൂപയുടെയും വർദ്ധനവാണ് ലക്ഷ്യം.
വാഹനങ്ങൾ ചാർജ് ചെയ്യാം
വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിംഗ് യൂണിറ്റുകളുടെ നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാന്റിന് സമീപം കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്. എറണാകുളത്ത് നിന്നും മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി, മൂന്നാർ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഉപകാരപ്പെടും.
പവർ ട്രാൻസ്‌ഫോർമർ പ്ലാന്റിനോടനുബന്ധിച്ച് ട്രാൻസ്‌ഫോർമറുകളുടെയും മറ്റ് ഊർജ ഉപകരണങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ടെസ്റ്റിംഗിനും സർട്ടിഫിക്കേഷനുമായി എൻ.എ.ബി.എൽ അംഗീകൃത ലാബ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. അംഗീകാരത്തിനായി പദ്ധതി സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.