mzr
ആസൂത്രണസമിതി അംഗമായ ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം.ജേക്കബിനെ ആസൂത്രണ സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പ്രതിപക്ഷ ഐക്യസംഘം തടയുന്നു

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ ആസൂത്രണസമിതിയിൽ പഞ്ചായത്തിന് പുറത്തുള്ളവരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്നലെ പഞ്ചായത്തോഫീസിനു മുന്നിൽ നടന്ന പ്രതിഷേധസമരം പൊലീസ് ബലപ്രയോഗത്തിലും, സംഘർഷത്തിലും കലാശിച്ചു. ബലപ്രയോഗത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറിയടക്കം നാല് സി.പി.എം പ്രവർത്തകർക്കും എ.എസ്.ഐയ്ക്കും പരിക്കേറ്റു. ലോക്കൽ സെക്രട്ടറി സുരേഷിന്റെ തലയ്ക്കും മൂക്കിനുമുണ്ടായ പരിക്കിനെത്തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുൻ എം.എൽ.എ എം.പി. വർഗീസിനും പരിക്കേറ്റു, അജിതൻ (44), ചോതി (74) എന്നിവരും ചികിത്സയിലുണ്ട്.

ആസൂത്രണ സമിതിയോഗം ഇന്നലെ നടക്കാനിരിക്കെയാണ് പ്രതിപക്ഷ ഐക്യസംഘം പഞ്ചായത്തോഫീസിനു മുന്നിൽ രാവിലെ മുതൽ പ്രതിഷേധം സംഘടിപ്പിച്ചത്. സമരക്കാരെ നേരിടാൻ പൊലീസും നിലകൊണ്ടതോടെയാണ് സമരം ബലപ്രയോഗത്തിൽ കലാശിച്ചത്. ആസൂത്രണസമിതി, വർക്കിംഗ് കമ്മിറ്റി യോഗങ്ങൾ ഇന്നു നടത്താനായിരുന്നു ട്വന്റി20 ഭരണ സമിതിയുടെ തീരുമാനം. എന്നാൽ പുറത്തുനിന്നുള്ളവരെ ഒഴിവാക്കി സമിതി പുന:സംഘടിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ഭരണമുന്നണി ഇതിനു വഴങ്ങാതെ ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ രാവിലെ കേസ് പരിഗണിച്ച കോടതി സമാധാനപരമായി പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനും ഒപ്പം ആസൂത്രണസമിതിമാത്രം ചേരുന്നതിന് പൊലീസ് സഹായം നൽകാനും നിർദേശിച്ചു. ആസൂത്രണസമിതി അംഗമായ ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം.ജേക്കബ് ഇതനുസരിച്ച് പഞ്ചായത്തിന് സമീപത്തേയ്ക്ക് വാഹനത്തിലെത്തിയതോടെ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാരെ പഞ്ചായത്തോഫീസിന് മുന്നിൽനിന്നു മാറ്റാൻ ശ്രമിച്ചത് എതിർത്തതോടെയാണ് പൊലീസ് ബലപ്രയോഗം നടത്തി മാറ്റിയത്. ഇതിനിടെയാണ് കുന്നത്തുനാട് സ്റ്റേഷനിലെ എ.എസ്.ഐ ശിവദാസിന് കാലിന് പരിക്കേറ്റത്. സംഘർഷസാദ്ധ്യത മുന്നിൽ കണ്ട് പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധസമരം നടക്കുന്നതറിഞ്ഞ് വിവിധ വാർഡുകളിൽനിന്ന് ട്വന്റി20, സി.പി.എം, യു.ഡി.എഫ് പ്രവർത്തകരും പാഞ്ചായത്തിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. പ്രതിഷേധക്കാരെ പൂർണമായും മാറ്റിയശേഷം പൊലീസ് കാവലിൽ 2 മണിയോടെ ആസൂത്രണസമിതിയോഗം ചേർന്നു.