കൊച്ചി : കുവൈറ്റിൽ ജോലിക്കുപോയ നായരമ്പലം സ്വദേശി ജോമോനെ മയക്കുമരുന്നുകേസിൽ അറസ്റ്റുചെയ്‌ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജോലി വാഗ്ദാനംചെയ്ത് യുവാക്കളെ ലഹരിമരുന്നു കടത്താൻ ഉപയോഗിക്കുന്ന സംഘത്തിന്റെ കെണിയിൽ വീണ ജോമോനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ക്ളീറ്റസ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്.
2018 നവംബർ ആറിനാണ് ജോമോനെ കുവൈറ്റ് പൊലീസ് അറസ്റ്റുചെയ്തത്. കുവൈറ്റിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി നൽകാമെന്ന് പറഞ്ഞ് ആന്റണി എന്നൊരാളാണ് ജോമോനെ കൊണ്ടുപോയതെന്നും ഇയാൾ ഒപ്പം പോകാമെന്ന് പറഞ്ഞിരുന്നതാണെങ്കിലും അവസാനനിമിഷം പിൻമാറിയെന്നും ഹർജിയിൽ പറയുന്നു. യാത്ര തിരിക്കുന്നതിനുമുമ്പ് ജോമോന്റെ പക്കൽ ഒരുബാഗും സിംകാർഡും മൊബൈലും നൽകിയ ആന്റണി കുവെൈറ്റിലെത്തി മൊബൈലിൽ സിംകാർഡിട്ട് വിളിച്ചാൽ സൂപ്പർമാർക്കറ്റിലെ ഒരു ജീവനക്കാരനെത്തി കൂട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു. 2018 നവംബർ അഞ്ചിന് കുവൈറ്റിലെത്തിയ ജോമോൻ മൊബൈലിൽ വിളിച്ചപ്പോൾ ഒരാളെത്തി. ജോമോന്റെ ലഗേജ് അടുത്തദിവസം ലഭിക്കുമെന്നു പറഞ്ഞ് ഹോട്ടലിലേക്ക് കൊണ്ടുപോയി. അടുത്തദിവസം ലഗേജെടുക്കാൻ എയർപോർട്ടിലെത്തിയ ജോമോനെ ലഹരിമരുന്നു കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റുചെയ്തു. പിന്നീട് വിചാരണ നടത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജോലി വാഗ്ദാനംചെയ്ത് തന്റെ മകനെ ലഹരിമരുന്നു കടത്താൻ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഉപയോഗിച്ചതാണെന്നും ഇവരുടെ കെണിയിൽവീണ മകനെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എക്സൈസിനും പൊലീസിനും പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ക്ളീറ്റസ് പറയുന്നു. ജോമോൻ നിരപരാധിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ കുവൈറ്റിലെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ കഴിയുമെന്ന് ഇന്ത്യൻ എംബസി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി ജോമോന്റെ നിരപരാധിത്വം തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചാൽ കുവൈറ്റിലെ അധികൃതർക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.