kannan

കളമശേരി: കൊലപാതക ശ്രമമടക്കം നിരവധി കവർച്ചാ കേസുകളിൽ പ്രതികളായ അഞ്ചംഗ സംഘം അറസ്റ്റിൽ. വടുതല അരൂക്കുറ്റി ചെത്തിപ്പറമ്പത്ത് വീട്ടിൽ മനീഷ് (25) , വട്ടേകുന്നം കേട്ടേഴത്ത്പറമ്പ് വീട്ടിൽ അജാസ് (22) , ചുള്ളിക്കൽ അറക്കപ്പറമ്പിൽ വീട്ടിൽ തൻസീർ (30) ,തിരുവനന്തപുരം പേട്ട മാനക നഗർ വയിലാൽ വീട്ടിൽ കണ്ണൻ (21) , വരാപ്പുഴ മുട്ടിനകം ചുള്ളിക്കൽ വീട്ടിൽ ശ്രീജിത്ത് (20) എന്നിവരാണ് പിടിയിലായത്. ജനുവരി 31ന് നോർത്ത് കളമശേരി മെട്രോസ്റ്റേഷന് സമീപം സ്കൂട്ടറിൽ സഞ്ചരിച്ച് സ്ത്രീയെ ഇടിച്ച് വീഴ്ത്തിയ ശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.

ബൈക്ക് കളമശേരിയിൽ നിന്ന് മോഷണം പോയതാണെന്നും ഈ വാഹനം ഉപയോഗിച്ച് നിരവധി പിടിച്ചുപറികൾ നടന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.തുടർന്ന് തൃക്കാക്കര എ.സി.പി. ജിജിമോന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചു. സി.സി.ടിവി കാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ അന്വേഷണം എളുപ്പമാക്കി.

പുച്ചാക്കൽ തേവർ വട്ടം ഭാഗത്തുവച്ച് ഒരു സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതടക്കം കുറ്റമെല്ലാം പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഒന്നാം പ്രതി മനീഷ് പനങ്ങാട് സെൻട്രൽ , നോർത്ത് , പൂച്ചാക്കൽ സ്റ്റേഷൻ പരിധിയിൽ നിരവധി കവർച്ചാ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. മൂന്നാം പ്രതി തൻസീർ പള്ളുരുത്തി, മട്ടാഞ്ചേരി ,തോപ്പുംപടി പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, പോക്സോ ഉൾപ്പെടെ നിരവധി അടിപിടികേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം ഇയാൾക്ക് കൊച്ചി സിറ്റിയിൽ പ്രവേശിക്കരുതെന്ന് നിർദേശമുണ്ട്. പ്രതികളിൽ നിന്നും 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.സി.ഐ പി.ആർ.സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ മാഹിൻ സലിം , പി.സി.പ്രസാദ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ.വി .എൻ .സുരേഷ്, മധുസൂദനൻ , ജോ സി.സി.എം, എ എസ് ഐമാരായ ബിനു കെ.ബി. , അനിൽ കുമാർ .പി . സീനിയർ സി.പി.ഒ മാരായ ഹരികുമാർ , ദിനി ൽ.കെ.വി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.