പെരുമ്പാവൂർ: അടിസ്ഥാനമേഖലകളിൽ കേന്ദ്രസംസ്ഥാന പദ്ധതികളുടെ പിൻബലത്തോടെ വിവിധ പദ്ധതികൾക്ക് രൂപം കൊടുക്കുമെന്ന് വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അൻവർ അലി പറഞ്ഞു. പെരുമ്പാവൂർ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വന്ന മീറ്റ് ദി ലീഡേഴ്സിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക പ്രാധാന്യമുളളത് എന്ന നിലയിൽ തരിശുരഹിത ബ്ളോക്ക് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് വാർഡുകളെങ്കിലും തരിശുരഹിതമാക്കാനാണ് ലക്ഷ്യമിടുന്നത്. നെല്ല്, വാഴ, കപ്പ കൃഷികൾക്ക് വേണ്ടത്ര പ്രോത്സാഹനം നൽകുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കും. സംസ്ഥാന സർക്കാരിന്റെ പച്ചതുരുത്ത് പദ്ധതിയിൽ ബ്ളോക്ക് പഞ്ചായത്ത് സജീവമാകുമെന്നും അൻവർ അലി പറഞ്ഞു.
തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിനും സുഭിക്ഷ കേരളം പദ്ധതി ശരിയായി വിനിയോഗിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ബ്ളോക്കിനെ മുഴുവനായും മാലിന്യമുക്തമാക്കാൻ പദ്ധതിയുണ്ട്. ഹരിത കേരളം മിഷനിൽ ഉൾപ്പെടുത്തിയുളള പദ്ധതിയിൽ പഞ്ചായത്ത് തലത്തിലുളള ഹരിതസേനയെ ഉപയോഗപ്പെടുത്തും. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സംഭരിച്ച് സംസ്‌ക്കരിക്കാനും ആലോചിക്കുന്നുണ്ട്. കേന്ദ്രപദ്ധതി ഉപയോഗപ്പെടുത്തി ഇത് സാധ്യമാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
ആരോഗ്യരംഗത്ത് കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റ് ഹെൽത്ത് സെന്ററുകൾക്കായി പ്രത്യേക കർമ്മപദ്ധതികൾ ഒരുക്കുന്നതിനും ആലോചനയുണ്ടെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ അസീസ് മൂലയിൽ, കെ.എം. സിറാജ് എന്നിവർ പറഞ്ഞു.