judge

കൊച്ചി: എരുമേലിയിൽനിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തുന്നതിൽ പൊലീസും കോടതിയും അലംഭാവം കാണിക്കുന്നെന്നാരോപിച്ച് ഹൈക്കോടതി ജഡ്‌ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ച മദ്ധ്യവയസ്‌കനെ പൊലീസ് അറസ്റ്റുചെയ്തു. എരുമേലി വെൺകുറുഞ്ഞി ഹരിമന്ദിരത്തിൽ ആർ. രഘുനാഥൻനായരാണ് (55) അറസ്റ്റിലായത്.

ഇന്നലെ രാവിലെ പത്തോടെ ജസ്റ്റിസ് വി. ഷെർസിയുടെ കാറിനുനേരെയാണ് അതിക്രമമുണ്ടായത്. വാഹനം ഹൈക്കോടതിയുടെ പ്രധാനകവാടത്തിനു സമീപമെത്തിയപ്പോഴാണ് അവിടെ കാത്തുനിന്ന രഘുനാഥൻനായർ കരിഓയിൽ ഒഴിച്ചത്. കാറിന്റെ ചില്ലുകൾ അടച്ചിരുന്നതിനാൽ അകത്തുവീണില്ല. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജെസ്‌നയെ കണ്ടെത്തുന്നതിന് പൊലീസ് ശരിയായ അന്വേഷണം നടത്താത്തതിലും കോടതി താത്പര്യം കാണിക്കാത്തതിലും പ്രതിഷേധിച്ചാണ് കരിഓയിൽ ഒഴിച്ചതെന്ന് ജസ്നയുടെ നാട്ടുകാരൻ കൂടിയായ രഘുനാഥൻ നായർ പൊലീസിനോട് പറഞ്ഞു.

കൊടുങ്ങല്ലൂരിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു ഇയാളെന്നും മാനസികപ്രശ്നങ്ങളുള്ളതായി തോന്നുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഹൈക്കോടതി വളപ്പിൽ ജഡ്‌ജിക്കു നേരെയുണ്ടായ കരിഓയിൽ പ്രയോഗം ഗുരുതരമായ സുരക്ഷാവീഴ്ചയായി വിലയിരുത്തി പൊലീസ് കേസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

എരുമേലിക്കു സമീപം വെച്ചൂച്ചിറ കൊല്ലവിള കുന്നത്തുവീട്ടിൽ ജസ്‌നയെ 2018 മാർച്ച് 22 നാണ് കാണാതായത്. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് വിദ്യാർത്ഥിനിയായ ജസ്‌ന മുണ്ടക്കയത്തെ ബന്ധുവീട്ടിൽ പോയതാണ്. എരുമേലിയിൽ ബസിറങ്ങിയശേഷം ജെസ്‌നയെ ആരും കണ്ടിട്ടില്ല. പത്തനംതിട്ട, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലുൾപ്പെടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.