
കൊച്ചി : ജഡ്‌ജിയുടെ കാറിനുനേരെ കരിഒായിൽ ഒഴിച്ച സംഭവം ഹൈക്കോടതിയുടെ സുരക്ഷയിലേക്ക് വിരൽ ചൂണ്ടുമ്പോഴും പൊലീസ് നടത്തിയ സുരക്ഷാ ആഡിറ്റ് റിപ്പോർട്ട് ഫയലിൽ ഉറങ്ങുന്നു. നിലവിലെ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കണമെന്ന റിപ്പോർട്ട് ഹൈക്കോടതിയിലെ സുരക്ഷാസമിതി അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നു. കൊവിഡ് വ്യാപനത്തെത്തുടർന്നുള്ള അടിയന്തര സാഹചര്യംമൂലം തുടർനടപടികൾ ഉണ്ടായില്ല.
സംസ്ഥാന പൊലീസ് നടത്തിയ സുരക്ഷാ ആഡിറ്റ് റിപ്പോർട്ടനുസരിച്ചുള്ള നടപടികൾക്ക് പ്രതിവർഷം 17.06 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഹൈക്കോടതിയിൽ പൊതുജനങ്ങൾക്കു പ്രവേശനം നിയന്ത്രിച്ചിരുന്നു. കരി ഒായിൽ ഒഴിച്ച സംഭവത്തോടെ സുരക്ഷ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു.
പൊലീസിന്റെ സുരക്ഷാ ആഡിറ്റ് റിപ്പോർട്ടിൽനിന്ന്
ഹൈ സെക്യൂരിറ്റി മേഖലയായി ഹൈക്കോടതിയെ പരിഗണിക്കണം. നിലവിലെ സുരക്ഷാസംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കണം. പ്രതിദിനം 6000 ലേറെ (കൊവിഡ് വ്യാപനത്തിനു മുമ്പുള്ള കാലത്ത്) ആളുകൾ വന്നുപോകുന്ന സ്ഥലമാണിത്. നിലവിൽ ഭീഷണിയൊന്നുമില്ലെങ്കിലും ഭീകരാക്രമണം വരെയുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല. ഹൈക്കോടതിയിലെത്തുന്നവരുടെ പേരുവിവരങ്ങൾ എഴുതിവെച്ച് ഇവരെ മെറ്റൽ ഡിറ്റക്ടറിലൂടെ കടത്തിവിടുകമാത്രമാണ് ചെയ്യുന്നത്. 438 പേരടങ്ങുന്ന സെക്യൂരിറ്റി വിഭാഗത്തെ ഹൈക്കോടതിയുടെ സുരക്ഷയ്ക്ക് നിയോഗിക്കണം. ഇതിനു തയ്യാറാണെന്ന് സി.ഐ.എസ്.എഫ് അറിയിച്ചിട്ടുമുണ്ട്. ചെലവ് സർക്കാർ വഹിക്കേണ്ടിവരും.
ഹൈക്കോടതി സുരക്ഷയ്ക്ക് കേന്ദ്ര സായുധസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ജോസഫ് റോണി രജിസ്ട്രിക്ക് കത്തുനൽകി.