
കുറുപ്പംപടി: കുറുപ്പംപടിയിലെ കാൻസർരോഗികൾക്ക് ഏലിയാസിനെ അടുത്തറിയാം. കാരണം ഏലിയാസ് ഇടയ്ക്കിടെ ഇവരെ സന്ദർശിക്കാനും ആശ്വാസവാക്കുകൾ പറയാനും എത്താറുണ്ട്. കുറുപ്പംപടിയിലെ ഒരു ചായക്കടച്ചവടക്കാരനാണ് എമ്പശേരി വീട്ടിൽ ഏലിയാസ്. ഈ മനുഷ്യസ്‌നേഹിയുടെ പറ്റുബുക്കിൽ കാരുണ്യപ്രവർത്തനങ്ങളുടെ കണക്കുകൾ എഴുതിയിടാറില്ല. ഒറ്റയ്ക്ക് നടത്തുന്ന ചായക്കടയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിന്റെ വലിയൊരു ഭാഗവും ചിലവഴിക്കുന്നത് കാൻസർ ബാധിതരുടെ ക്ഷേമത്തിന് വേണ്ടിയാണ്. കഴിഞ്ഞ ഇരുപത് വർഷത്തോളമായി തുടരുന്ന കാൻസർ അസുഖബാധിതരോടൊപ്പമുള്ള ഈ യാത്രയുടെ കാരണം ആർക്കുമറിയില്ല. 'പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെന്ന് കൂട്ടിക്കോ' ഇതാണ് ഏലിയാസിന്റെ ഈ ചോദ്യത്തിനുള്ള ഉത്തരം. എറണാകുളം ജനറൽ ആശുപത്രിയിൽ സേവനപ്രവർത്തനങ്ങൾ നടത്തി വരുന്ന ഏലിയാസ് കാൻസർ രോഗികൾക്ക് ഭക്ഷണം വാങ്ങി നൽകൽ, ചിലവിനുള്ള ചെറിയ തുകകൾ കൈമാറൽ, ആവശ്യത്തിനുള്ള പരിചരണങ്ങൾ എന്നിവ ചെയ്യുന്നുണ്ട്. ഇത് എല്ലാ ഞായാറാഴ്ച്ചകളിലും പതിവാണ്. രണ്ട് പതിറ്റാണ്ടായി ഇതിനൊരു മുടക്കം വരുത്തിയിട്ടില്ല. ചെറിയ കാരുണ്യപ്രവർത്തനങ്ങൾക്ക് പോലും വലിയ തോതിൽ പണം മുടക്കി ലോകമാകെ അറിയിക്കുന്നവർക്ക് ഏലിയാസ് എന്ന വ്യക്തി ഒരു പാഠമാണ്. കാരുണ്യപ്രവർത്തനം മനസിൽ നിന്നാവണമെന്നതാണ് ഏല്യാസ് നൽകുന്ന പാഠം. കുറുപ്പംപടിയിൽ 25 വർഷത്തിലധികമായി തിങ്കൾ മുതൽ ശനി വരെ ചായക്കട നടത്തുന്ന ഏലിയാസിന്റെ ഞായറാഴ്ച്ച ഉൾപ്പെടെയുളള മുഴുവൻ പ്രവർത്തനങ്ങൾക്കും കൂട്ടായി ഭാര്യ ചിന്നമ്മയും മകൻ ശ്യാമോനുമുണ്ട്.