
കൊച്ചി: നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യം ഒരുക്കുന്ന റോട്ടറി ഡയാലിസിസ് കേന്ദ്രം വൈപ്പിനിൽ ക്യാൻക്യൂർ സാന്ത്വനകേന്ദ്രം സമുച്ചയത്തിൽ ഈമാസം ആറിന് രാവിലെ 8.30 ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഒരു കോടി രൂപ ചെലവിൽ എട്ട് അത്യാധുനിക ഡയാലിസിസ് യന്ത്രങ്ങളും സാമഗ്രികളും റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ടെക്‌നോപോളീസാണ് റോട്ടറി ഫൗണ്ടേഷനുമായി ചേർന്ന് നൽകിയത്. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങുന്ന സംഘത്തെ ലൂർദ് ഹോസ്പിറ്റൽ നിയോഗിച്ചു. കൊച്ചി ആസ്ഥാനമായ ക്യാൻക്യൂർ ഫൗണ്ടേഷനാണ് ഡയാലിസിസ് കേന്ദ്രം നടത്തുന്നത്.
വൃക്കകളുടെ പ്രവർത്തനം പൂർണമായും തകരാറിലായ നിർധനരായ രോഗികൾക്ക് ഡയാലിസിസ് സൗജന്യനിരക്കിൽ ലഭ്യമാക്കുമെന്ന് റോട്ടറി കൊച്ചിൻ ടെക്‌നോപാളിസ് പ്രസിഡന്റ് സായി പരമേശ്വരൻ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ റോട്ടറി ഗവർണർ ജോസ് ചാക്കോ, ഹൈബി ഈഡൻ എം.പി., എസ്. ശർമ്മ എം.എൽ.എ., മേയർ അഡ്വ. എം. അനിൽകുമാർ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല, ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു സെബാസ്റ്റ്യൻ തോപ്പിൽ, റോട്ടറി മുൻ ഗവർണറും ക്യാൻക്യൂർ ഫൗണ്ടേഷൻ സെക്രട്ടറി കൂടിയായ ആർ. മാധവ്ചന്ദ്രൻ, റോട്ടറി നിയുക്ത ഗവർണർ എസ്. രാജ്‌മോഹൻനായർ, റോട്ടറി ഫൗണ്ടേഷൻ ചെയർമാൻ ആർ. ജയശങ്കർ, ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ എന്നിവർ പങ്കെടുക്കും.