അങ്കമാലി: മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെടുന്ന നായത്തോട് മഹാകവി ജി. മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. കിഫ്ബി ഫണ്ടിൽ നിന്ന് 5 കോടി രൂപയും, റോജി എം. ജോൺ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപയും. അങ്കമാലി നഗരസഭ ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയുമാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 2 ബ്ലോക്കുകളിലായി 27953 സ്‌ക്വയർ ഫീറ്റിന്റെ കെട്ടിടമാണ് പണി പൂർത്തീകരിച്ചിരിക്കുന്നത്. 2 സ്റ്റാഫ് റൂമുകളും, 17 ക്ലാസ് മുറികളും, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്സ് എന്നിവർക്കുള്ള പ്രത്യേക ഓഫീസുകളും, 5 ലാബുകളും, കിച്ചണും, ഡൈനിംഗ് ഏരിയയും, സ്റ്റോർ റൂമുകളും പ്രത്യേക ടോയ്‌ലറ്റ് ബ്ലോക്കുകളും ഇതിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. എല്ലാ നിയോജകമണ്ഡലത്തിലും ഒരു സർക്കാർ സ്‌കൂൾ മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കുവാൻ എം.എൽ.എ മാരോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി നഗരസഭാ പ്രദേശത്ത് സാധാരണക്കാരായ വിദ്യാർത്ഥികൾ ഏറ്റവുമധികം ആശ്രയിക്കുന്ന നായത്തോട് സ്‌കൂളിനെ എം.എൽ.എ നിർദ്ദേശിക്കുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ, ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. ചാലക്കുടി എം,പി. ബെന്നി ബെഹനാൻ മുഖ്യാതിഥിയായിരിക്കും. ഓൺലൈനിലൂടെ നിർവഹിക്കപ്പെടുന്ന ഉദ്ഘാടന ചടങ്ങിൽ റോജി എം. ജോൺ എം.എൽ.എ ശിലാഫലകം അനാച്ഛാദന കർമ്മം നിർവഹിക്കും.