
കൊച്ചി : കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംരംഭകർക്ക് സാമ്പത്തികസഹായം നൽകുന്നതിനായി എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം പ്രകാരം നൽകുന്ന തുക സംരംഭകന്റെ അനുമതിയില്ലാതെ മറ്റു ബാദ്ധ്യത തീർക്കുന്നതിന് ബാങ്കിന് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പദ്ധതി പ്രകാരം ലഭിച്ച 48 ലക്ഷം രൂപയുടെ വായ്പയിൽ നിന്ന് 17.5 ലക്ഷം രൂപ മാത്രമേ തനിക്കു വിനിയോഗിക്കാൻ ആക്സിസ് ബാങ്ക് നൽകിയുള്ളുവെന്നാരോപിച്ച് ഇടുക്കി സ്വദേശി ജോയി കുര്യാക്കോസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹർജിക്കാരന് പദ്ധതി പ്രകാരം അനുവദിച്ച മുഴുവൻ തുകയും നൽകാനും നിർദേശിച്ചു. ബാങ്കിന് ലഭിക്കാനുള്ള തുകയാണ് ഇത്തരത്തിൽ പിടിച്ചതെന്ന് ഹർജി പരിഗണിക്കവെ ബാങ്ക് അധികൃതർ വിശദീകരിച്ചു. എന്നാൽ നിക്ഷേപകന്റെ (സംരംഭകന്റെ) അനുമതിയില്ലാതെ ഇത്തരത്തിൽ പണം പിടിക്കാനാവില്ലെന്ന് നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനിക്കുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറലും ബോധിപ്പിച്ചു. ഹർജിക്കാരന്റെ സമ്മതപ്രകാരമാണ് തുക പിടിച്ചതെന്ന് ബാങ്ക് അധികൃതർ വിശദീകരിച്ചെങ്കിലും, ബാങ്കിന്റെ നടപടിക്കെതിരെ ഹർജിക്കാരൻ വൈകാതെ ഹൈക്കോടതിയെ സമീപിച്ച സാഹചര്യം കണക്കിലെടുത്ത് തുക മുഴുവൻ നൽകാൻ സിംഗിൾബെഞ്ച് നിർദേശിക്കുകയായിരുന്നു.