
കൊച്ചി: കാൻസർ രോഗികളുടെ എണ്ണം അനുദിനം പെരുകുമ്പോഴും സർക്കാർ മേഖലയിൽ ചികിത്സാസൗകര്യങ്ങൾ വർദ്ധിക്കുന്നില്ല. തിരുവനന്തപുരം ആർ.സി.സിയിൽ മികച്ച ചികിത്സ ലഭിക്കുമെങ്കിലും ഇവിടെ എത്തുന്ന രോഗികളുടെ പ്രവർത്തന ശേഷിയിലും മൂന്ന് ഇരട്ടിയോളമാണ്. മദ്ധ്യകേരളത്തിലെ രോഗികൾക്ക് ആശ്വാസമാകേണ്ട കൊച്ചി കാൻസർ സെന്റർ തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്. ഇഴഞ്ഞുനീങ്ങുകയാണ് കാൻസർ സെന്ററിന്റെ നിർമ്മാണം.
താത്കാലികമായി കളമശേരി മെഡിക്കൽ കോളേജിൽ പ്രവർത്തിച്ചിരുന്ന കാൻസർ സെന്ററിന്റെ പ്രവർത്തനം കൊവിഡിൽ സ്തംഭിച്ചു. പ്രതിവർഷം 21,300 രോഗികൾ ചികിത്സ തേടുന്ന പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒരു കാൻസർ ചികിത്സാ കേന്ദ്രവുമില്ല. അടുത്തിടെ പുറത്തിറങ്ങിയ നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം 2020 റിപ്പോർട്ട് പ്രകാരം കാൻസർ രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനയെന്നാണ് കണ്ടെത്തൽ. 2012-16 കാലഘട്ടത്തിൽ നടത്തിയ പഠനമാണ് പുറത്തിറക്കിയത്. ഇതുപ്രകാരം തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ 30066 പുരുഷന്മാരും 30918 സ്ത്രീകളും ചികിത്സ തേടിയിട്ടുണ്ട്. അമൃത ആശുപത്രി, തലശേരി ഗവ. മലബാർ കാൻസർ സെന്റർ, തൃശൂർ മെഡിക്കൽ കോളേജ്, പെരുന്തൽമണ്ണ എം.ഇ.എസ് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ജനസംഖ്യാ അടിസ്ഥാനത്തിലും പഠനത്തിൽ പങ്കെടുത്തു. രണ്ടു ജില്ലകളിലും പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാണുന്നത് ശ്വാസകോശ അർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണ്. ഇന്ത്യയിൽ തൈറോയിഡ് കാൻസർ നിരക്കിൽ രണ്ടാം സ്ഥാനത്താണ് ഇരു ജില്ലകളും. തിരുവനന്തപുരം റിജണൽ കാൻസർ സെന്റർ അവസാനം പുറത്തിറക്കിയ 2017-18 ലെ കണക്കുകൾ പ്രകാരം 2,65,330 രോഗികൾ ചികിത്സയ്‌ക്കെത്തി. ഇതിൽ 16,443 പേർ പുതിയ രോഗികളാണെന്നാണ് കണക്ക്. ഈവർഷം എത്തിയവരിൽ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളിലെ ചെലവ് വഹിക്കാൻ കഴിയാത്ത സാധാരണക്കാരാണ്. 19.46 ശതമാനം പേർ മാത്രമാണ് സ്വന്തമായി ഫീസ് നൽകിയത്.
ആശുപത്രികളിലെത്തിയ രോഗികൾ
ആശുപത്രി, പുരുഷന്മാർ, സ്ത്രീകൾ
തിരുവനന്തപുരം ആർ.സി.സി: 30066,30918
അമൃത:10231, 18358
മലബാർ കാൻസർ സെന്റർ: 8190, 7038
തൃശൂർ മെഡിക്കൽ കോളേജ്:1724,1478
എറണാകുളം ജനറൽ ആശുപത്രി: 344, 330
എം.ഇ.എസ്:344, 247
പഠനം നടത്തിയ ജില്ലയിലെ കണക്ക്
കൊല്ലം :9930 9780
തിരുവനന്തപുരം:13506 14327