# ഹവാല ഇടപാടുകൾ അന്വേഷിക്കുമെന്ന് പൊലീസ്
# കെട്ടിടം ഉടമ നജീബിന് ഇടക്കാലജാമ്യം
തൃക്കാക്കര : കൊച്ചിയിലും തൃക്കാക്കരയിലും അനധികൃതമായി പ്രവർത്തിച്ചുവന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കാക്കനാടിന് സമീപം ജഡ്ജിമുക്കിലെ വാടകക്കെട്ടിടത്തിൽ സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ചു നടത്തിയ കേസിൽ അറസ്റ്റിലായ കെട്ടിടം ഉടമ കാക്കനാട് പുതുവാൻമൂല പുതുമറ്റം വീട്ടിൽ നജീബിന് (44 ) കോടതി ഇടക്കാലജാമ്യം അനുവദിച്ചു. വിദേശത്തുനിന്നുള്ള ടെലിഫോൺ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ലോക്കൽ കോളുകളാക്കുന്ന സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത് നജീബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നുവെന്നും നിയമവിരുദ്ധമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് നജീബിന് അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വണ്ണപ്പുറം കാളിയാർ സ്വദേശി കുഴിമണ്ഡപത്തിൽ മുഹമ്മദ് റസലാണ് മുറി വാടകയ്ക്ക് എടുത്തത്. ഇയാൾ ഒളിവിലാണ്.
പ്രത്യേകപൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃക്കാക്കരയ്ക്കൊപ്പം മറൈൻഡ്രൈവിലെ ഫ്ലാറ്റിലും എക്സ്ചേഞ്ച് നടത്തിയിരുന്നത് റസൽ തന്നെയാണെന്നും പൊലീസ് പറഞ്ഞു. സെപ്റ്റംബർ മുതൽ തൃക്കാക്കരയിൽ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നതായി ടെലികോം വകുപ്പാണ് കണ്ടെത്തിയത്
ഹവാല ബന്ധമെന്ന് പൊലീസ്
ടെലികോം വകുപ്പിനെ ഞെട്ടിച്ച് കൊച്ചിയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന രണ്ട് സമാന്തര ടെലിഫോൺ എക്‌സേഞ്ചുകൾക്ക് ഹവാല ഇടപാടുകളുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് രേഖകൾ പരിശോധിച്ചുവരികയാണെന്ന് തൃക്കാക്കര അസി.കമ്മീഷണർ ജിജിമോൻ പറഞ്ഞു . ഏതെങ്കിലും തരത്തിലുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങളോ തീവ്രവാദബന്ധമോ ഇതിനുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വിദേശത്തുനിന്ന് നിരവധി കോളുകൾ
വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്ന ഇന്റർനെറ്റ് കോളുകൾ ലോക്കൽ കോളുകളാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഉപയോക്താക്കൾക്ക് ഏജൻസി നൽകിയ രഹസ്യനമ്പറിൽ നിന്നുവരുന്ന കോളുകൾ ചില ഉപകരണങ്ങളുമായി ബന്ധപ്പെടുത്തിയാണ് ടെലിഫോൺ സേവനദാതാക്കളെ കബളിപ്പിച്ചിരുന്നത്. ഉപയോക്താക്കളിൽനിന്ന് ശേഖരിക്കുന്ന തുകയുടെ നിശ്ചിതശതമാനം ഏജൻസികൾ വീതിച്ചെടുക്കും. ഒപ്പം ഓരോ അന്താരാഷ്ട്ര കോളിനും സർക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികൾക്ക് ലഭിക്കേണ്ട പ്രതിഫലവും നഷ്ടമാകും. വിദേശത്തുനിന്ന് വരുന്ന 120 ലധികം കോളുകൾ ഒരേസമയം സ്വീകരിക്കാവുന്ന സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിരുന്നതായും ദിവസേന ആയിരത്തിലധികം കോളുകൾ സ്ഥാപനംവഴി നടത്തിയിരുന്നതായും സൂചനയുണ്ട്.