മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തിൽ പ്രവർത്തിച്ച് വരുന്ന സപ്ലൈകോയുടെ മാവേലി സ്റ്റോർ കൂടുതൽ മെച്ചപ്പെട്ട സൗകര്യത്തോടെ മാവേലി സൂപ്പർ സ്റ്റോറാക്കി ഉയർത്തി. പ്രവർത്തനോദ്ഘാടനം ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ ഓൺലൈനിലൂടെ നിർവഹിച്ചു. കൊവിഡ് പ്രോട്ടക്കോൾ പാലിച്ച് മാവേലി സൂപ്പർ സ്റ്റോർ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം.ജോസഫ് ആദ്യവില്പന നടത്തി. 2005ൽ പോത്താനിക്കാട് പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച സപ്ലൈകോയുടെ മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോറാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ മന്ത്രി പി.തിലോത്തമന് നിവേദനം നൽകിയതിനെ തുടർന്നാണ് മാവേലി സൂപ്പർ സ്റ്റോറാക്കി ഉയർത്തിയത്. മാവേലി സൂപ്പർ സ്റ്റോറാക്കി ഉയർത്തിയതോടെ വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുകയാണ് സൂപ്പർ സ്റ്റോറുകളുടെ ലക്ഷ്യം. ഉപഭോക്താവിന് ആവശ്യമായ ഉത്പന്നങ്ങൾ സ്വയം തിരഞ്ഞെടുക്കുവാനും കഴിയും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാലി ഐപ്പ്, വാർഡ് മെമ്പർ വി.കെ രാജൻ, വിവിധ കക്ഷിനേതാക്കളായ എ.കെ.സിജു, എൻ.എ ബാബു, ഷാജി.സി.ജോൺ, സി.എ.ജോയി, സുകുമാരൻ അത്തിമറ്റം, കെ.റ്റി.അബ്രാഹം, കെ.എസ്സ്. സണ്ണി എന്നിവർ പങ്കെടുത്തു.